ന്യൂദൽഹി- ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർതികൾക്ക് നേരെ മുഖംമൂടിയിട്ട് എ.ബി.വി.പി ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജെഎൻയു വിദ്യാർഥി യൂനിയൻ (ജെഎൻയുഎസ്‌യു) പ്രസിഡന്റ് ഐഷി ഘോഷിനെ ദൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റു. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാർഥി യൂനിയൻ ആരോപിച്ചു. നിരവധി വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥി യൂനിയൻ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര യാദവിനും മർദനമേറ്റിട്ടുണ്ട്. ഹോസ്റ്റൽ ഫീസ് വർധനവിനെതിരേ രജിസ്‌ട്രേഷൻ ബഹിഷ്‌കരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം സമരം ചെയ്തുകൊണ്ടിരുന്ന വിദ്യാർഥികളെ എബിവിപി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി ക്യാംപസിലേക്ക് ഇവർ ഇരച്ചുകയറുകയായിരുന്നു.