തലശ്ശേരി- പയ്യന്നൂരിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ആറ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അഞ്ച് വർഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിലെ വരക്കലായി വീട്ടിൽ വി.എം ജോസഫിനെ(65)യാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
2011 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം. ബസ്സിനകത്ത് വെച്ച് പ്രതി പെൺകുട്ടിയുടെ ശശീര ഭാഗങ്ങളിൽ സ്പർശിച്ചും മറ്റും പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത്.






