Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.കെ.രാഘവന്‍ എം.പി നയിക്കുന്ന ലോംഗ് മാര്‍ച്ച്

കോഴിക്കോട്- പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ യു.പി.എയും യു.ഡി.എഫും നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി എം.കെ രാഘവന്‍ എം.പി നയിക്കുന്ന ലോങ് മാര്‍ച്ച് ജനുവരി ആറ്, ഏഴ് തിയ്യതികളില്‍ നടക്കും. ആറിന് ഉച്ചതിരിഞ്ഞ് മൂന്നിന് കൊടുവള്ളിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ്, സംഘാടക സമിതി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, ജന. കണ്‍വീനര്‍ അഡ്വ. പി.എം നിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്ന് വൈകീട്ട് ഏഴിന് കുന്ദമംഗലത്ത് നടക്കുന്ന ആദ്യ ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും.
ജനുവരി ഏഴിന് രാവിലെ ഒന്‍പതിന് മൂഴിക്കല്‍ നിന്നാണ് പര്യടനം ആരംഭിക്കുക. ഡി.സി.സി ഓഫീസിലെ ഉച്ചഭക്ഷണത്തിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് പര്യടനം ആരംഭിക്കും. ഫറോക്ക് പേട്ടയില്‍ നടക്കുന്ന സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ പ്രഭാഷണവും നടത്തും.
സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന കോഴിക്കോടന്‍ മണ്ണില്‍, ഗാന്ധിയന്‍ പാതയിലൂടെ പ്രതിരോധത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുകയെന്ന ചരിത്ര ദൗത്യമാണ് ലോങ് മാര്‍ച്ചിനുള്ളതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ദേശീയ, സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും തൊഴിലാളികളും മഹിളാ സംഘടനകളും വിദ്യാര്‍ഥികളും യുവതയും കച്ചവടക്കാരും അണി ചേരുന്ന മാര്‍ച്ചിന് വിവിധ ക്ഷേത്ര കമ്മിറ്റികളും മഹല്ല് കമ്മിറ്റികളും ഇടവകകളും പിന്തുണയും പങ്കാളിത്തവും ഉറപ്പു നല്‍കി കഴിഞ്ഞു. ദേശീയ സ്വാതന്ത്ര്യ പോരാട്ട കാലത്തിന് സമാനമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി ഭയാശങ്കയോടെ പൊരുതുന്ന ഒരു ജനതയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യമെമ്പാടും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അനസ്യൂതം തുടരുകയാണ്.
പൊരുതുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും നല്‍കുകയെന്ന ചരിത്ര ദൗത്യമാണ് ദേശീയ തലത്തിലും സംസ്ഥാനത്തും ജനാധിപത്യ ചേരി ഏറ്റെടുത്തത്. പാര്‍ലമെന്റിലും നിയമസഭയിലും തെരുവിലും കോടതിയിലും ഒരുപോലെ പോരാടുകയാണ് യു.ഡി.എഫ് നേതാക്കള്‍.
എ.ഐ.സി.സി ആഹ്വാന പ്രകാരം എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി എം.പിമാരുടെ നേതൃത്വത്തിലുള്ള ലോങ് മാര്‍ച്ചുകള്‍ യു.ഡി.എഫ് ആസൂത്രണം ചെയ്തത് ഇതിന്റെ ഭാഗമായാണെന്നും നേതാക്കള്‍ പറഞ്ഞു. ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, എന്‍.വി ബാബുരാജ്, ദിനേശ് പെരുമണ്ണ, മനോജ് ശങ്കരനല്ലൂര്‍, ശരത് മോഹന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

Latest News