ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി

കൊച്ചി- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം  എസ് ശ്രീശാന്തിന് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. വാതുവെപ്പ് ആരോപണവുമായി ബന്ധപ്പെട്ട് കേസിലുള്‍പ്പെട്ട ശ്രീശാന്ത് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നേരത്തെ ദല്‍ഹി പ്രത്യേക കോടതി ശ്രീശാന്തിനെ കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് വിലക്ക് നീക്കാന്‍ ശ്രീശാന്ത് ബിസിസിഐയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് നീക്കാന്‍ തയാറാകുന്നില്ലെന്ന് കാണിച്ചാണ് താരം കേരള ഹൈക്കോടതിയെ സമീപിച്ചത്.

വിലക്ക് തന്റെ ക്രിക്കറ്റ് കരിയറിനെ നശിപ്പിക്കുകയാണെന്നും ശ്രീശാന്ത് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 'കേസില്‍ കുറ്റവിമുക്തനായിട്ടും ബിസിസിഐക്ക് എങ്ങനെ വിലക്കേര്‍പ്പെടുത്താനാകും. ഇത് സ്വാഭാവിക നീതിയെ നിഷേധിക്കലാണ്,' വിലക്ക് നീക്കി കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. വിലക്കാനുള്ള തീരുമാനം മുന്‍ഭരണ സമിതിയുടേതാണെന്നും പുതിയ സമിതിക്ക് ഈ തീരുമാനം മാറ്റാനാകില്ലെന്നും കോടതിയില്‍ ബിസിസിഐ മറുപടി നല്‍കി. വിലക്കിനു പുറമെ ശ്രീശാന്തിന് സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള അനുമതി പത്രം നല്‍കാനും ബിസിസിഐ വിസമ്മതിച്ചിരുന്നു.  

വാതുവെപ്പുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ശ്രീശാന്തിനെയും രാജസ്ഥാന്‍ റോയല്‍സ് ടീമിലെ രണ്ടു സഹതാരങ്ങളേയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി വിലക്ക് നീക്കി തന്നതില്‍ സന്തുഷ്ടനാണെന്നും ഉടന്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും ശ്രീശാന്ത് പ്രതികരിച്ചു.

Latest News