ദമാം- മയക്കുമരുന്ന് കൈവശം വെച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേരെ സൗദി സുരക്ഷാ വിഭാഗം പിടികൂടി. മയക്കു മരുന്ന് അന്വേഷിച്ച് കടയിലെത്തിയ മലയാളിയെ പിന്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പ്രധാന കണ്ണിയായ സ്വദേശി പൗരനെകുറിച്ചുള്ള അന്വേഷണം തുടരുന്നു.
മയക്കുമരുന്ന് ചുരുട്ടി വലിക്കുന്ന പേപ്പര്‍ അന്വേഷിച്ച് ബഖാലയിലെത്തിയ മലയാളിയെ പിന്തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം സംഘത്തെ വലയിലാക്കിത്. രണ്ട് മലയാളികളെയും ഒരു ശ്രീലങ്കന്‍ പൗരനേയുമാണ് അറസ്റ്റ് ചെയ്തത്. പ്രധാന കണ്ണിയായ സ്വദേശി പൗരന്‍ വിദഗ്ധമായി രക്ഷപ്പെട്ടു. ദമാമില്‍ ജോലി ചെയ്യുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശികളാണ് പിടിയിലായ മലയാളികള്‍. ഇതിലൊരാളുടെ സഹപ്രവര്‍ത്തകനാണ് ശ്രീലങ്കന്‍ സ്വദേശി.
മലയാളികളിലൊരാള്‍ സ്‌പോണ്‍സറുടെ ജാമ്യത്തില്‍ പുറത്തിറങ്ങി. കട നടത്തി വന്ന സ്വദേശി യുവാവിനെ ഇത് വില്‍പനനടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് രഹസ്യ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. തുടരന്വേഷണത്തില്‍ ഇയാളൂടെ മൊഴിപ്രകാരമാണ് അല്‍ഖോബാറിലെ ജോലിസ്ഥലത്തുനിന്ന് രണ്ടാമത്തെ മലയാളിയെ പിടികൂടിയത്. തനിക്ക് തന്നത് കൂടെ ജോലിചെയ്യുന്നയാളാണെന്ന മൊഴി ശ്രീലങ്കന്‍ സ്വദേശിയെയും കുടുക്കി. പിടിയിലായ മലയാളികള്‍ രണ്ടുപേരും ഒന്നിച്ച് പഠിച്ചുവളര്‍ന്നവരാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സംഭവത്തില്‍ സുഹൃത്തുക്കളായ വാഴക്കാട് സ്വദേശികളും പിടിയിലായിരുന്നു