തിരുവനന്തപുരം - ലോക കേരള സഭ സമ്മേളനത്തിൽ വിളിച്ചു വരുത്തിയ ശേഷം ഹോളിവുഡ് സംവിധായകനും പ്രവാസി വ്യവസായിയുമായ സോഹൻ റോയിയോടു മുഖ്യമന്ത്രി ധാർഷ്ട്യമായി പെരുമാറിയ സംഭവത്തിൽ പിന്തുണയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്വന്തം ബിസിനസ് പ്രൊമോട്ട് ചെയ്യാനുള്ള വേദിയല്ല ലോക കേരള സഭ. അത്തരത്തിലുള്ള നടപടിയാണ് സോഹൻ റോയിയിൽ നിന്നുണ്ടായത്. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രോജക്ടുകളെയും സംരംഭങ്ങളെയും മാർക്കറ്റിങ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും അതു ശരിയായ നടപടി തന്നെയാണെന്നും സ്പീക്കർ.
30 ന് നടന്ന ചടങ്ങിൽ ക്ഷണിതാവായെത്തിയ സോഹൻ റോയിക്കാണ് മുഖ്യമന്ത്രിയിൽ നിന്ന് ശാസന കേൾക്കേണ്ടി വന്നത്. സോഹൻ റോയിക്ക് നൽകിക്കൊണ്ടാണ് സമീപനരേഖാ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചത്. ഇന്ത്യൻ വ്യവസായ മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതാൻ പ്രാപ്തിയുള്ള ആയിരം കോടിയിലേറെ രൂപയുടെയെങ്കിലും വരുമാനം കേരളത്തിനു സാധ്യമായേക്കാവുന്ന എഫ്ഫിസം എന്ന പ്രോജക്റ്റിനെക്കുറിച്ച് സോഹൻ നടത്തിയ മറുപടി പ്രസംഗത്തിൽ പ്രതിപാദിച്ചിരുന്നു.
എഫ്ഫിസത്തിലൂടെ മുഖഛായ തന്നെ മാറിയ കേരളത്തിന്റെ അഭിമാനമായ ഏരീസ് പ്ലക്‌സിനെക്കുറിച്ചും തനിക്ക് അനുവദിച്ചു കിട്ടിയ നാലു മിനിട്ടിൽ വളരെ ചുരുക്കി അദ്ദേഹം വേദിയിൽ പങ്കുവെച്ചു. എന്നാൽ ആദ്യ ദിവസത്തെ സോഹന്റെ പ്രസംഗം കേൾക്കാതിരുന്ന മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ ശാസനയുമായി എത്തുകയായിരുന്നു. സ്വന്തം പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കാതെ വികസന നിർദേശങ്ങൾ മാത്രം പറയാൻ ശ്രമിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ശാസന.
ഇതോടെ സോഹൻ ചടങ്ങ് ഉപേക്ഷിച്ച് വേദിയിൽ നിന്നും മടങ്ങുകയായിരുന്നു. അതേസമയം ഖജനാവിലെ ഒരു പൈസ പോലും ചെലവാക്കാതെ ഫ്‌ളൈറ്റും പിടിച്ച് സ്വന്തം ചെലവിൽ താമസിച്ച് വിലയേറിയ സമയം ചെലവഴിച്ചെത്തുന്ന തന്നെപ്പോലുള്ളവർക്ക് അനുവദിച്ചു കിട്ടുന്ന നാലു മിനിട്ടിൽ എന്തു പറയണം എങ്ങനെ പറയണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ ഇത്തരം ബ്രാൻഡിങ് ചടങ്ങുകളിൽ ഭാവിയിൽ ക്ഷണം കിട്ടിയാലും ഇനി വേണ്ടെന്നും വെക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം നാല് വരി കവിതയിലൂടേയും അദ്ദേഹം പ്രകടിപ്പിച്ചു.
മണ്ട കിളിർക്കുവാൻ യാഗം നടത്തണോ..? എന്നാണ് കവിത. ആശയങ്ങൾ മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അതിനു തനിക്കു നാലു മിനിട്ടു വേണ്ട, വെറും നാലു വരി മാത്രം മതിയെന്നും മണ്ടയാഗം എന്ന് പേരിട്ട കവിതയിലൂടെ അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയെ പൂർണമായും പിന്തുണച്ച് സ്പീക്കർ രംഗത്തെത്തിയത്.






