Sorry, you need to enable JavaScript to visit this website.

ഉംറ തീർഥാടകർക്ക് ഇൻഷുറൻസ്  പരിരക്ഷ പ്രാബല്യത്തിൽ

റിയാദ്- വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിലായി. ജനുവരി ഒന്ന് മുതൽ ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇൻഷുറൻസ് ചാർജ് കൂടി അടക്കണമെന്ന് കോൺസുലേറ്റുകളും എംബസികളും ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകി.
നിലവിൽ 189 റിയാലാണ് പാസ്‌പോർട്ടൊന്നിന് ഈടാക്കുന്നത്. വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള 13,000 ത്തോളം രൂപക്ക് പുറമെയാണിത്. സൗദി അറേബ്യയിൽ എത്തിയത് മുതൽ തിരിച്ചു പോകുന്നത് വരെ തീർഥാടകർക്ക് പരിരക്ഷ നൽകുന്ന ഈ ഇൻഷുറൻസ് പദ്ധതിക്ക് തആവുനിയ കമ്പനിയുമായി ഡിസംബർ 11 നാണ് ഹജ്-ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിൻതൻ കരാർ ഒപ്പ് വെച്ചത്. സൗദിയിൽ പ്രവേശിച്ചയുടനെ വിസയുമായി ഇൻഷുറൻസ് ലിങ്ക് ചെയ്യപ്പെടും. അതോടെ നിരവധി ചികിത്സാ സൗകര്യങ്ങൾ തീർഥാടകർക്ക് ലഭ്യമാകും.
അത്യാവശ്യ ഘട്ടങ്ങളിലെ ചികിത്സ, അപകടത്തിലോ ദുരന്തങ്ങളിലോ പെട്ടാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും ചികിത്സ തേടാനുമുള്ള പരിരക്ഷ, വിമാന സർവീസ് വൈകിയാലും ബാഗേജുകൾ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം തുടങ്ങിയ സൗകര്യങ്ങളാണ് ഇതുവഴി തീർഥാടകർക്ക് ലഭ്യമാവുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കും. 30 ദിവസം കാലാവധിയുള്ള ഇൻഷുറൻസ് വഴി ഒരു ലക്ഷം റിയാൽ വരെയുള്ള നഷ്ടപരിഹാരം ലഭിക്കുമെന്ന് തആവുനിയ അറിയിച്ചിട്ടുണ്ട്.
ജനുവരി ഒന്ന് മുതൽ സ്റ്റാമ്പ് ചെയ്യുന്ന ഉംറ വിസകളിൽ ഇൻഷുറൻസ് കൂടി ഉൾപ്പെടുമെന്ന് റോയൽ ട്രാവൽ മാർക്കറ്റിംഗ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു. അതേസമയം, നിലവിലെ പൗരത്വ പ്രതിസന്ധി സമരങ്ങൾ കാരണം ഇന്ത്യയിൽനിന്ന് ഉംറക്കുള്ള അപേക്ഷകൾ നന്നേ കുറഞ്ഞിട്ടുണ്ട്. അപേക്ഷക്കും മറ്റും ആളുകൾക്ക് ട്രാവൽസുകളിൽ എത്തിപ്പെടാനും മറ്റുമുള്ള തടസ്സങ്ങളാണിതിന് കാരണം. ഡിസംബർ അവസാനം വരെ ഇന്ത്യയിൽ നിന്നെത്തിയ ഉംറ തീർഥാടകരുടെ എണ്ണം 2,62,887 ആണ്. തീർഥാടകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പാക്കിസ്ഥാനിൽ നിന്ന് 4,95,270 പേരും ഇന്തോനേഷ്യയിൽ നിന്ന് 4,43,879 പേരും ഉംറക്കെത്തി. 1,16,335 പേർ ഉംറക്കെത്തിയ മലേഷ്യയാണ് നാലാം സ്ഥാനത്ത്.
 

Latest News