Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റെ ടാബ്ലോക്ക് അനുവദിക്കാത്തത് വള്ളംകളിയും പുലികളിയും കണ്ടു മടുത്തതിനാൽ

ന്യൂദൽഹി- വള്ളംകളിയും പുലികളിയും കണ്ടു മടുത്തത് കൊണ്ടാണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് അവസരം ലഭിക്കാതിരുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി. കേരളം ഇത്തവണ ടാബ്ലോയ്ക്കായി നൽകിയ മാതൃകയിൽ പുതുമയുള്ളതായി ഒന്നും തന്നെ ഇല്ലായിരുന്നു. എത്രയോ കാലങ്ങളായി പുലികളിയും വള്ളംകളിയും മോഹിനിയാട്ടവുമൊക്കെ തുടർച്ചയായി അവതരിപ്പിക്കുന്നു. ഒരു തരത്തിലുള്ള പുതുമയും ഇല്ലാതിരുന്നത് കൊണ്ടാണ് കേരളത്തിന് അവസരം നഷ്ടപ്പെട്ടതെന്നാണ് വിദഗ്ധ സമിതി അംഗം ജയപ്രദ മേനോൻ പറഞ്ഞത്. 
കേരളം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കാനിരുന്ന ടാബ്ലോയിൽ വള്ളംകളി, ആനയെഴുന്നള്ളിപ്പ്, തെയ്യം, കഥകളി, ചെണ്ടകൊട്ട്, മോഹിനിയാട്ടം എന്നിവയാണുണ്ടായിരുന്നത്. ബംഗാളിൽ നിന്നുള്ള കലാകാരൻ ബപ്പ ചക്രവർത്തിയാണ് കേരളത്തിന്റെ ടാബ്ലോ തയാറാക്കിയിരുന്നത്. 
റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങളുടെ ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി വിവാദത്തിലായതോടെയാണ് വിശദീകരണം. കേരളത്തിന് പുറമേ പശ്ചിമബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, സംസ്ഥാനങ്ങൾക്കാണ് റിപ്പബ്ലിക് ദന പരേഡിൽ ടാബ്ലോ അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചത്. വിദഗ്ധ സമിതിയുടെ യോഗം രണ്ടു വട്ടം പരിശോധിച്ച ശേഷമാണ് പശ്ചിമ ബംഗാളിന്റെ ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചത്. മൂന്നാം റൗണ്ട് വിലയിരുത്തലിലാണ് കേരളം ഔട്ടായത്. കലാകാരൻമാരുടെ സമിതിയാണ് ടാബ്ലോ തെരഞ്ഞെടുക്കുന്നത്. അല്ലാതെ അതിനു പിന്നിൽ രാഷ്ട്രീയമായ ഒരു കാരണങ്ങളുമില്ലെന്നും അവർ വ്യക്തമാക്കി. 
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനുള്ള ടാബ്ലോ തെരഞ്ഞെടുക്കുന്നതിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. വളരെ സമയമെടുത്ത് വിദഗ്ധ സമിതി പരിശോധിച്ചാണ് സംസ്ഥാനങ്ങളുടെ ടാബ്ലോകൾ തെരഞ്ഞെടുക്കുന്നത്. കലാ, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ അടങ്ങുന്നതാണ് വിദഗ്ധ സമിതി. ആദ്യ ഘട്ടത്തിൽ ടാബ്ലോയുടെ രൂപകൽപന പരിശോധിക്കും. പിന്നീട് സമിതി കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ അടക്കമുള്ള നിർദേശം നൽകും. അവതരിപ്പിക്കാനുള്ള ടാബ്ലോയുടെ ത്രിഡി മാതൃകയാണ് പരിശോധനയ്ക്കു നൽകേണ്ടത്. 
സംസ്ഥാനങ്ങളുടെ പേരുകൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ലോഗോയോ മറ്റു മുദ്രകളോ ടാബ്ലോയിൽ അനുവദിക്കില്ല. ടാബ്ലോയുടെ മുന്നിൽ ഹിന്ദിയിലും പിന്നിൽ ഇംഗ്ലീഷിലുമാണ് സംസ്ഥാനങ്ങളുടെ പേരെഴുതേണ്ടത്. മന്ത്രാലയങ്ങളുടെയും മറ്റു വകുപ്പുകളുടെയും ടാബ്ലോകളിലും പേരെഴുതേണ്ടത് ഇതേ ക്രമത്തിലാണ്. പത്തു കലാകാരൻമാരിൽ കൂടുതൽ പേരെ ടാബ്ലോയിൽ അനുവദിക്കില്ല. അതാതു സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരെ മാത്രമേ ടാബ്ലോയിൽ അനുവദിക്കുകയുള്ളൂ. 
നിലവിൽ 16 സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉൾപ്പടെ 22 ടാബ്ലോയ്ക്കാണു കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തുന്ന പ്രതിഷേധങ്ങളിൽ വിരോധം തീർത്തതാണു കേന്ദ്ര സർക്കാർ നടപടിയെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ ആരോപിക്കുന്നത്. ഈ വർഷത്തിലെ റിപ്പബ്ലിക് ദിനത്തിൽ ബ്രസീൽ പ്രസിഡന്റ് ജയിർ ബോൽസോനാരോ ആണ് മുഖ്യ അതിഥി. 

Latest News