Sorry, you need to enable JavaScript to visit this website.

പൗരത്വനിയമം രാജ്യം തള്ളിക്കളഞ്ഞു-കെജ്‌രിവാൾ

കരുത്താർജ്ജിച്ച് പൗരത്വനിയമവിരുദ്ധ പ്രക്ഷോഭം

ന്യൂദൽഹി- പൗരത്വഭേദഗതി നിയമം അനാവശ്യമായിരുന്നെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പൗരത്വഭേദഗതി നിയമം രാജ്യം തള്ളിക്കളഞ്ഞതാണെന്നും ഇതിനെതിരെ ഇനി നിയമസഭകൾ പ്രമേയം പാസാക്കേണ്ട കാര്യം പോലുമില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. കേരളത്തെ പോലെ ദൽഹിയും നിയമത്തിനെതിരെ പ്രമേയം പാസാക്കുമോ എന്ന ചോദ്യത്തിനായിരുന്നു കെജ്‌രിവാളിന്റെ മറുപടി. 
പാക്കിസ്ഥാനിലെ ഹിന്ദുക്കളെയാണോ ഇന്ത്യയിലെ ഹിന്ദുക്കളേക്കാൾ മോഡി കൂടുതൽ സ്‌നേഹിക്കുന്നത്. ഇവിടെ സമ്പദ് വ്യവസ്ഥ തകർന്നിരിക്കുന്നു. വീടില്ലാത്തവരുടെ എണ്ണം പെരുകി. തൊഴിലില്ലായ്മ കൂടി. കുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമല്ല. ഈ സഹചര്യത്തിൽ എന്തിനാണ് ഈ നിയമം. ആദ്യം സ്വന്തം രാജ്യം നന്നാക്കുകയാണ് വേണ്ടതെന്നും കെജ്‌രിവാൾ പറഞ്ഞു. 
അതിനിടെ, പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തിൽ അണി ചേർന്ന് കൂടുതൽ പേർ രംഗത്തെത്തി. ദൽഹിയിൽ ട്രാൻസ് ജെൻഡേഴ്‌സും സ്ത്രീകളുമടക്കം നിരവധി പേരാണ് ഇന്നലെ സമരത്തിനെത്തിയത്. ദൽഹിയിൽ ജന്ദർ മന്ദിറിന് മുന്നിലായിരുന്നു പ്രതിഷേധം. ആസാദി മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രക്ഷോഭകർ എത്തിയത്. ഇത്തരം മനുഷ്യത്വ വിരുദ്ധമായ നിയമങ്ങൾ നിർമ്മിക്കുന്നതിന് പകരം ജനങ്ങളുടെ ദാരിദ്ര്യം തീർക്കാനാണ് സർക്കാർ നിയമം നിർമ്മിക്കേണ്ടതെന്ന് മാളവ്യ നഗറിൽനിന്ന് സമരത്തിനെത്തിയ ശാന്തി ദേവി പറഞ്ഞു. 
പ്രക്ഷോഭകർക്കെതിരെ പോലീസ് നടപടി ശക്തമാക്കുകയാണ്. ഇത്രയും ആൾക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് എങ്ങിനെയാണെന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. സമരക്കാരുടെ മറ്റു ബന്ധങ്ങൾ അന്വേഷിക്കുന്നുവെന്ന പേരിൽ പീഡനം അഴിച്ചുവിടാനാണ് നീക്കം. സമരവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ ഇപ്പോൾ കഴിയുന്നവരെ പറ്റിയാണ് അന്വേഷിക്കുന്നത്. 
പോലീസ് നീക്കം ശക്തമാക്കുമ്പോഴും രാജ്യത്തുടനീളം സമരം വ്യാപകമാകുകയാണ്. കൊൽക്കത്തയിൽ നടന്ന പൗരത്വനിയമ ഭേദഗതി സമരത്തിലും നിരവധി പേര അണിനിരന്നു. വിവിധ യൂണിവേഴ്‌സിറ്റികളിൽനിന്നുള്ളവരാണ് സമരത്തിൽ അണി ചേർന്നത്.   ബംഗളൂരു, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവടങ്ങളിലെല്ലാം പ്രക്ഷോഭകർ നിരത്തിലിറങ്ങി. 

Latest News