മകനെ കഴുത്തറുത്തു കൊന്ന പ്രതിയുടെ ശിക്ഷ ശരിവെച്ചു

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അഹദ് മസാരിഹയിൽ വർഷങ്ങൾക്കു മുമ്പ് സ്വന്തം മകനെ കഴുത്തറുത്ത് നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് കീഴ്‌കോടതി വിധിച്ച വധശിക്ഷ ജിസാൻ അപ്പീൽ കോടതി ശരിവെച്ചു. അന്തിമാംഗീകാരത്തിനായി കേസ് ഫയൽ സുപ്രീം കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. 
പ്രതി മാനസിക രോഗിയല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദി പൗരന് കോടതി വധശിക്ഷ വിധിച്ചത്. ജയിലിൽ വെച്ചും തനിക്കും സ്വന്തം മകൾക്കുമെതിരെ പ്രതി ഭീഷണികൾ മുഴക്കിയതായി കൊല്ലപ്പെട്ട ബാലന്റെ വല്യുപ്പ പറഞ്ഞു. 
ഇതേ തുടർന്ന് ജയിലിലും വിചാരണക്കും മറ്റുമായി ജയിൽ ബ്ലോക്കിൽ നിന്ന് കൊണ്ടുപോകുന്നതിനിടെയും പ്രതിക്ക് സുരക്ഷ ശക്തമാക്കിയിരുന്നെന്നും വല്യുപ്പ പറഞ്ഞു.
നാലു വർഷം മുമ്പ് സ്‌കൂളിൽ നിന്ന് വിളിച്ചിറക്കിയാണ് സ്വന്തം മകനെ പ്രതി കഴുത്തറുത്തു കൊലപ്പെടുത്തിയത്. പിതൃസഹോദരനെ കാർ കയറ്റി കൊലപ്പെടുത്തിയതിന് പ്രായശ്ചിത്തം എന്നോണമാണ് മകനെ കഴുത്തറുത്തു കൊന്നതെന്ന് പ്രതി വാദിച്ചിരുന്നു. പതിനെട്ടു വർഷം മുമ്പാണ് പിതൃസഹോദരനെ പ്രതി കാർ കയറ്റി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പ്രതി പിതൃസഹോദരന്റെ ആശ്രിതരും കുടുംബാംഗങ്ങളും മാപ്പ് നൽകിയതിനെ തുടർന്നാണ് പിന്നീട് ജയിൽ മോചിതനായത്. സംഭവ ദിവസം സ്‌കൂളിൽ നിന്ന് വിളിച്ചിറക്കി മകനെയും കൂട്ടി ഉപയോഗശൂന്യമായി കിടന്ന, ചുറ്റുമതിലോടു കൂടിയ കോമ്പൗണ്ടിൽ എത്തി കുത്തിവീഴ്ത്തിയ ശേഷമാണ് പിഞ്ചു ബാലനെ കഴുത്തറുത്തു കൊന്നത്.
 

Latest News