Sorry, you need to enable JavaScript to visit this website.

പതിനെട്ട് വര്‍ഷത്തെ നിയമയുദ്ധം; യുവതിയുടെ പിതൃത്വം സ്ഥാപിച്ച് ജിദ്ദ കോടതി 

ജിദ്ദ - നീണ്ട പതിനെട്ടു വർഷം പിതൃത്വം നിഷേധിച്ച സൗദി പൗരനെതിരെ യുവതി നൽകിയ കേസിൽ ജിദ്ദ സിവിൽ കോടതി വിധി. യുവതിയുടെ പിതൃത്വം നിഷേധിക്കുന്നതിനും പിതൃത്വം വെളിപ്പെടുത്തുന്ന തെളിവുകൾ മറച്ചുവെക്കുന്നതിനും എല്ലാ തന്ത്രങ്ങളും സൗദി പൗരൻ പയറ്റി വരികയായിരുന്നു. യുവതിയുമായും മാതാവുമായുള്ള ബന്ധം ഇക്കാലമത്രയും നിഷേധിച്ച സൗദി പൗരൻ തന്നെയാണ് പരാതിക്കാരിയുടെ പിതാവെന്ന് കോടതി വിധിച്ചു. 
അറബ് വംശജയായ യുവതിക്കാണ് അവസാനം കോടതി ഇടപെടലിലൂടെ നീതി ലഭിച്ചത്. യുവതിയുടെ മാതാവിനെ സൗദി പൗരൻ നേരത്തെ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ പിറന്ന മകളെ സൗദി പൗരൻ ഫാമിലി കാർഡിൽ ഉൾപ്പെടുത്തുകയോ മകളായി അംഗീകരിക്കുകയോ ചെയ്തില്ല. മകൾ നൽകിയ കേസിൽ വിചാരണക്ക് കോടിതിയിൽ എത്താൻ വിസമ്മതിച്ച സൗദി പൗരനെ പിന്നീട് കോടതി നിർദേശ പ്രകാരം അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. 
പരാതിക്കാരിയുടെ മാതാവിനെ താൻ വിവാഹം ചെയ്തിട്ടില്ലെന്ന് കോടതിയിൽ സൗദി പൗരൻ വാദിച്ചു. സൗദി പൗരൻ തന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധനാ റിപ്പോർട്ട് പരാതിക്കാരി കോടതിയിൽ ഹാജരാക്കിയിരുന്നു. ഡി.എൻ.എ പരിശോധനക്കായി യുവതിയുടെയും പിതാവിന്റെയും രക്ത സാമ്പിളുകൾ ശേഖരിച്ച ഡോക്ടറും കോടതിയിൽ യുവതിക്ക് അനുകൂലമായി മൊഴി നൽകി. സൗദി പൗരൻ യുവതിയെയും കൂട്ടി തന്നെ സമീപിച്ച് ഡി.എൻ.എ പരിശോധനക്ക് സാമ്പിൾ നൽകിയതായും പരിശോധനയിൽ ഇരുവരുടെയും ഡി.എൻ.എ ഒന്നാണെന്ന് താൻ സൗദി പൗരനെ അറിയിച്ചിരുന്നെന്നും ഡോക്ടർ കോടതിയിൽ വെളിപ്പെടുത്തി. ഇതിനു ശേഷവും യുവതിയുമായി തനിക്ക് ബന്ധമില്ല എന്ന നിലപാടിൽ സൗദി പൗരൻ ഉറച്ചുനിന്നു. ഡി.എൻ.എ പരിശോധനക്ക് സാമ്പിൾ ശേഖരിച്ച ഡോക്ടറെ തനിക്ക് പരിചയമില്ലെന്നും പരിശോധനാ ഫലം അറിയില്ലെന്നും ഇയാൾ വാദിച്ചു. ഇതേത്തുടർന്ന് ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് വഴി പരാതിക്കാരിയുടെയും സൗദി പൗരന്റെയും ഡി.എൻ.എ പരിശോധന വീണ്ടും നടത്തുന്നതിന് കോടതി ഉത്തരവിട്ടു. ഇതിന് യുവതി സമ്മതിച്ചെങ്കിലും തന്റെ സൽപേരിന് കോട്ടം തട്ടുമെന്ന് വാദിച്ച് സൗദി പൗരൻ ഡി.എൻ.എ പരിശോധനക്ക് വിസമ്മതിച്ചു. അതീവ രഹസ്യമായാണ് ഡി.എൻ.എ പരിശോധന നടത്തുകയെന്ന് ജഡ്ജി ബോധ്യപ്പെടുത്തിയെങ്കിലും പരിശോധനക്ക് സൗദി പൗരൻ വിസമ്മതം തുടർന്നു. ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ പരാതിക്കാരി രക്ത സാമ്പിൾ നൽകി. കോടതി വിധി പ്രകാരം ഫോറൻസിക് മെഡിസിൻ അധികൃതർ ബന്ധപ്പെട്ടെങ്കിലും രക്ത സാമ്പിൾ നൽകില്ലെന്ന നിലപാടിൽ സൗദി പൗരൻ ഉറച്ചുനിന്നു. 
ഇതോടെയാണ് തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുത്ത് പരാതിക്കാരിക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചത്. മകളുടെ പിതൃത്വം അംഗീകരിക്കണമെന്നും യുവതിക്ക് തിരിച്ചറിയൽ രേഖകൾ നേടിക്കൊടുക്കണമെന്നും സൗദി പൗരന് കോടതി കർശന നിർദേശം നൽകി. റെക്കോർഡ് സമയത്തിനകം അപ്പീൽ കോടതിയും ശരിവെച്ചതോടെ വിധി അന്തിമമായി.
 

Latest News