Sorry, you need to enable JavaScript to visit this website.

സൗദി ബാങ്കുകൾ ബോണ്ടുകളിൽ നിക്ഷേപം വർധിപ്പിക്കുന്നു

റിയാദ് - രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ സർക്കാർ ബോണ്ടുകളിൽ നിക്ഷേപം വർധിപ്പിക്കുന്നതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം വിദേശങ്ങളിലെ നിക്ഷേപങ്ങൾ സൗദി ബാങ്കുകൾ കുറക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വർഷത്തിനിടെ സൗദി ബോണ്ടുകളിലെ നിക്ഷേപം ബാങ്കുകൾ മൂന്നര ഇരട്ടി വർധിപ്പിച്ചിട്ടുണ്ട്. താരതമ്യേന മികച്ച നേട്ടം ലഭിക്കുന്നതാണ് സർക്കാർ ബോണ്ടുകളിൽ നിക്ഷേപം വർധിപ്പിക്കുന്നതിന് ബാങ്കുകൾക്ക് പ്രചോദനമാകുന്നത്. 
കഴിഞ്ഞ നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ ബോണ്ടുകളിൽ 293.8 ബില്യൺ റിയാൽ സൗദി ബാങ്കുകൾ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015 ഡിസംബർ അവസാനത്തിൽ ബോണ്ടുകളിലെ സൗദി ബാങ്കുകളുടെ നിക്ഷേപം 82.6 ബില്യൺ റിയാൽ മാത്രമായിരുന്നു. കഴിഞ്ഞ നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ ബോണ്ടുകളിൽ ബാങ്കുകൾ നടത്തിയ നിക്ഷേപം സർവകാല റെക്കോർഡ് ആണ്. 
ഇതേസമയം, വിദേശങ്ങളിലെ നിക്ഷേപങ്ങൾ സൗദി ബാങ്കുകൾ 45 ശതമാനം തോതിൽ കുറക്കുകയും ചെയ്തു. നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം വിദേശങ്ങളിലെ സൗദി ബാങ്കുകളുടെ നിക്ഷേപങ്ങൾ 95.5 ബില്യൺ റിയാലായി കുറഞ്ഞു. 
2015 ഡിസംബർ അവസാനത്തിൽ വിദേശങ്ങളിൽ സൗദി ബാങ്കുകളുടെ നിക്ഷേപങ്ങൾ 175.2 ബില്യൺ റിയാലായിരുന്നു. അഞ്ചു വർഷത്തിനിടെ സൗദി ബാങ്കുകളുടെ വിദേശങ്ങളിലെ നിക്ഷേപത്തിൽ 79.7 ബില്യൺ റിയാലിന്റെ കുറവുണ്ടായി. 
ഒരു വർഷത്തിനിടെ സർക്കാർ ബോണ്ടുകളിൽ ബാങ്കുകൾ നടത്തിയ നിക്ഷേപത്തിൽ 25.3 ശതമാനം വർധന രേഖപ്പെടുത്തി. 2018 നവംബർ അവസാനത്തിൽ സർക്കാർ ബോണ്ടുകളിലെ ബാങ്കുകളുടെ നിക്ഷേപം 303.2 ബില്യൺ റിയാലായിരുന്നു. 
കഴിഞ്ഞ കൊല്ലം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ സർക്കാർ ബോണ്ടുകളിലെ ബാങ്കുകളുടെ നിക്ഷേപത്തിൽ 24.6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷാവസാനം ബോണ്ടുകളിലെ ബാങ്ക് നിക്ഷേപം 304.9 ബില്യൺ റിയാലായിരുന്നു. 
പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും കൃത്യസമയത്ത് ബാധ്യതകൾ പാലിക്കുന്നതിന് സൗദി ഭരണകൂടത്തിന് സാധിക്കുമെന്നുമുള്ള വിശ്വാസമാണ് സർക്കാർ ബോണ്ടുകളിലുള്ള നിക്ഷേപങ്ങൾ ഉയർത്തുന്നതിന് ബാങ്കുകൾക്ക് പ്രചോദനമാകുന്നത്. 2018 ൽ സൗദിയിലെ ബാങ്കുകൾ സർക്കാർ ബോണ്ടുകളിൽ 50.5 ബില്യൺ റിയാലിന്റെ നിക്ഷേപം നടത്തിയിരുന്നു. 2017 ൽ സർക്കാർ ബോണ്ടുകളിലെ ബാങ്കുകളുടെ നിക്ഷേപം 254.4 ബില്യൺ റിയാലായിരുന്നു. ബോണ്ടുകളിലെ നിക്ഷേപം 20 ശതമാനം തോതിലാണ് 2018 ൽ ബാങ്കുകൾ ഉയർത്തിയത്. 
സൗദി ബാങ്കുകൾ ഏറ്റവും കൂടുതൽ സർക്കാർ ബോണ്ടുകൾ വാങ്ങിയത് 2016 ലാണ്. ആ വർഷം 92.3 ബില്യൺ റിയാലിന്റെ ബോണ്ടുകൾ ബാങ്കുകൾ വാങ്ങി. രണ്ടാം സ്ഥാനത്തുള്ള 2017 ൽ 76 ബില്യൺ റിയാലിന്റെയും ബോണ്ടുകൾ ബാങ്കുകൾ സ്വന്തമാക്കി. 
എണ്ണ വിലയിയിടിച്ചിലിന്റെ ഫലമായ ബജറ്റ് കമ്മി നികത്തുന്നതിന് 2015 അവസാനം മുതലാണ് സൗദി അറേബ്യ ബോണ്ടുകൾ പുറത്തിറക്കാൻ തുടങ്ങിയത്. മൂന്നു വർഷം തുടർച്ചയായി വലിയ തോതിൽ വർധിച്ച ശേഷം 2018 ൽ പൊതുകട വളർച്ച മന്ദഗതിയിലായിരുന്നു. 2018 അവസാനത്തിൽ പൊതുകടം 560 ബില്യൺ റിയാലായിരുന്നു. 2017 നെ അപേക്ഷിച്ച് 2018 ൽ പൊതുകടം 26.3 ശതമാനം തോതിൽ വർധിച്ചു. 
ആ വർഷം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 17.2 ശതമാനമായിരുന്നു പൊതുകടം. 2018 ൽ ആകെ 120 ബില്യൺ റിയാലിന്റെ ബോണ്ടുകളാണ് സൗദി അറേബ്യ പുറത്തിറക്കിയത്. ഇതിൽ 48.7 ബില്യൺ റിയാലിന്റെ ബോണ്ടുകൾ പ്രാദേശിക വിപണിയിലും 71.3 ബില്യൺ റിയാലിന്റെ ബോണ്ടുകൾ ആഗോള വിപണിയിലുമാണ് പുറത്തിറക്കിയത്. 


 

Latest News