മൂന്ന് വാരിയെല്ലും രണ്ട് തുടയെല്ലും പൊട്ടി
തിരുവനന്തപുരം- സംസ്ഥാന അതിർത്തി പ്രദേശമായ പാറശ്ശാലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ യുവാവിന്റെ ശരീരത്തിൽ വാഹനം കയറ്റിയിറക്കി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ചക്ക കയറ്റി അയക്കാറുള്ള ജോലിനോക്കുന്ന സെന്തിൽ റോയ് (39) ആണ് സി.പി.എം പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്.
ജോലിക്കിടയിൽ സെന്തിലിനോട് സി.പിഎം നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ പാറശ്ശാല മേഖലാ പ്രസിഡന്റുമായ പ്രദീപും സംഘവും നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ പിരിവ് നൽകാൻ സെന്തിൽ തയാറായില്ല. തുടർന്ന് ഇത് സംബന്ധിച്ച് തർക്കമുണ്ടായി. പ്രദീപും സംഘവും ചേർന്ന് സെന്തിലിനെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റി.
സമീപത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദിച്ച് അവശനാക്കിയ സെന്തിലിന്റെ ദേഹത്ത് ഓട്ടോ കയറ്റി ഇറക്കി എന്നാണ് സെന്തിൽ പോലീസിന് നൽകിയ മൊഴി. വഴിയരികിൽ രക്തം വാർന്ന് കിടന്ന സെന്തിലിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെന്തിലിന് മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. രണ്ട് തുടയെല്ലുകളും പൊട്ടി. എന്നാൽ പ്രതികളെ സംരക്ഷിയ്ക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി ആരോപണമുണ്ട്. പ്രദീപിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
സെന്തിലിന്റെ ബന്ധുക്കൾ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപും സംഘവും സെന്തിലിന്റ വീട്ടിൽ എത്തിയതായും പറയുന്നു. ബന്ധുക്കൾ പരാതിയിൽ ഉറച്ച് നിന്നതോടെ പോലീസ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പങ്കുള്ള സി.പി.എം അംഗങ്ങളായ മറ്റ് രണ്ട് പേർ ഒളിവിലാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പ്രദീപ് നിരവധി കേസുകളിലെ പ്രതിയാണ്.






