Sorry, you need to enable JavaScript to visit this website.

5 ജിയിലേക്ക് ഇന്ത്യ

ഇന്ത്യയിൽ 5 ജി ട്രയലുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുകയാണെന്നും ഇതിനായി ഹുവാവേയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. പല രാജ്യങ്ങളിൽനിന്നും കനത്ത എതിർപ്പ് നേരിടുന്ന കമ്പനിയാണ് ഹുവാവെ. എല്ലാ ടെലികോം ഓപറേറ്റർമാർക്കും ട്രയലുകൾക്കായി 5 ജി സ്‌പെക്ട്രം നൽകാൻ തീരുമാനിച്ചതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.  ഇന്ത്യൻ ടെലികോം ഓപറേറ്റർമാരുമായി കൈകോർത്ത് നോക്കിയയും എറിക്‌സണും 5 ജി നെറ്റ്‌വർക്കുകൾ പരീക്ഷിക്കാനൊരുങ്ങുന്നുണ്ട്. 5 ജി ട്രയലുകളിൽ ഹുവാവേയുടെ പങ്കാളിത്തം ഒരു വലിയ ചോദ്യം കൂടി ഉയരുന്നുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കമ്പനിയെ ഇതിനകം വിലക്കിയിരിക്കുകയാണ്. 5 ജി ഭാവിയാണ്, അത് വേഗതയാണ് എന്നും 5 ജിയിൽ പുതുമകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും 4 ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിൽ ഹുവാവേ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലെയും 5 ജി ട്രയലുകളിൽ നിന്ന് കമ്പനിയെ മാറ്റിനിർത്താനുള്ള തീരുമാനത്തിന് പിന്നിൽ ബാക്ക്‌ഡോർ ഇൻസ്റ്റലേഷനിലൂടെ ചൈനക്ക് വിവരങ്ങൾ ചോർത്തുമെന്നതിനാലാണ്. ഹുവാവേയിൽ വിശ്വാസമർപ്പിച്ച ഇന്ത്യൻ സർക്കാറിനോട് നന്ദി പറയുന്നതായും ഇന്ത്യൻ ടെലികോം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സാങ്കേതിക കണ്ടുപിടിത്തങ്ങളും ഉയർന്ന നിലവാരമുള്ള നെറ്റ്‌വർക്കുകളിലൂടെയും മാത്രമേ സാധ്യമാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഹുവാവേ ഇന്ത്യ സി.ഇ.ഒ ജയ്‌ചെൻ പറഞ്ഞു.   5 ജി സ്‌പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെ 2020 ന്റെ ആദ്യ പകുതിയിൽ 5 ജി ട്രയലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില രാജ്യങ്ങളിൽ ടെലികോം ഓപറേറ്റർമാർ ഇതിനകം തന്നെ 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. റെഡ്മി കെ 30 5 ജി പോലുള്ള വില കുറഞ്ഞ 5 ജി സ്മാർട്ട് ഫോണുകളും വിപണിയിലേക്ക് വരുന്നുണ്ട്. 5 ജി റോൾ ഔട്ടിന് ശേഷം സ്മാർട്ട് ഫോൺ കമ്പനികൾ 5 ജി എനേബിൾഡ് സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Latest News