കൊച്ചി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം വിജയം വരെ തുടരുമെന്ന് പ്രമുഖ് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്‌നേഷ് മേവാനി. പൗരത്വ നിയമം എന്ന കരിനിയമത്തിനെതിരെ ആദ്യ പോരാട്ടം നടന്നത് കേരളത്തിൽ നിന്നാണ്. നിയമത്തിനെതിരെ ആദ്യമായി സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തതും കേരളത്തിൽ നിന്നാണ്. ഇക്കാര്യങ്ങളിൽ കേരളം വലിയ അഭിനന്ദനം അർഹിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താദ്യമായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ഗുജറാത്തിൽ നിയമത്തിന് അനുകൂലമായ പ്രമേയം പാസാക്കാനാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ചരിത്രപരമായ തീരുമാനമാണ് കേരള നിയമസഭയിൽ നിന്നുണ്ടായത്. കേരളത്തിലെ എല്ലാ സമുദായ സംഘടനാ നേതാക്കളെയും ജനനേതാക്കളെയും ഒരേ വേദിയിൽ അണിനിരത്താൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റി എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ സമര പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരാത നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ യോഗി സർക്കാർ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. മുസ്ലിംകളെയും ദളിതുകളെയും പോലീസും ആർ.എസ്.എസ് ഗുണ്ടകളും ചേർന്ന് കൂട്ടക്കുരുതി ചെയ്യുകയാണ്. കാടത്ത നിയമമാണ് യുപിയിൽ നടപ്പാക്കുന്നത്. എട്ടു വയസ്സുകാരി അടക്കം മുപ്പതോളം പേരെയാണ് യുപിയിൽ പ്രക്ഷോഭത്തിന്റെ പേരിൽ യോഗി സർക്കാർ കൊന്നൊടുക്കിയത്. പാരത്വ രജിസ്റ്ററിലൂടെ ഏഴു കോടി ജനങ്ങളാണ് തടങ്കൽ കേന്ദ്രങ്ങളിലാവുക. ഇതിൽ ഭൂരിഭാഗവും മുസ്‌ലിംകളും ദളിതുകളുമായിരിക്കും. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ഇത്തരം നിയമങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നത്. ആ ശ്രമങ്ങൾ രാജ്യത്ത് വിലപ്പോവില്ല. രാജ്യത്തെ മുസ്ലിംകളെയും ദളിതുകളെയും ആധുനിക അടിമകളാക്കാനാണ് ശ്രമം. രാജ്യത്തെ കോർപറേറ്റ് കുത്തകകൾക്ക് വേതനം കുറഞ്ഞ തൊഴിലാളികളെ സൃഷ്ടിക്കാൻ ഇതുവഴി സാധിക്കുമെന്ന് അവർ കരുതുന്നു. അതുകൊണ്ടാണ് ഈ നിയമത്തിനെതിരെ അംബാനിയും അദാനിയും ഒരു വാക്ക് പോലും ഉച്ചരിക്കാത്തത്. അവർ അടിമകൾക്കായി ആർത്തിയോടെ കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളോട് പൗരത്വ രേഖ ചോദിക്കുന്ന മോഡി ആദ്യം അദ്ദേഹത്തിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കട്ടെയെന്നും അത് വ്യാജമാണെങ്കിൽ പൗരത്വ നിയമം വലിച്ചുകീറിയെറിയുമെന്നും മേവാനി കൂട്ടിച്ചേർത്തു.