കൊച്ചി- പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ മഹല്ലുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധ സമരങ്ങൾ ഇനി മുതൽ ഭരണഘടനാ സംരക്ഷണ സമിതിക്ക് കീഴിൽ നടത്താൻ കൊച്ചിയിൽ ചേർന്ന കേരളത്തിലെ മുസ്ലിം സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായി സംസ്ഥാന ജനറൽ കൺവീനർ കെ.പി.എ മജീദ് അറിയിച്ചു. പ്രതിഷേധ പ്രകടനങ്ങളിൽ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങൾ ഒഴിവാക്കണം. പ്രകോപനപരമായ പ്രസംഗങ്ങളും പാടില്ല. സംസ്ഥാനത്ത് എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും വിവിധ സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യാവലികൾ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ വ്യക്തത തേടി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരിൽ കാണാൻ പ്രത്യേക സംഘത്തെ യോഗം ചുമതലപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും രാജ്യത്തെ മുസ്ലിം സംഘടനാ നേതൃത്വവുമായി കൂടിയാലോചിച്ച് സംയുക്ത പ്രക്ഷോഭങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളെ ദൽഹിയിൽ നേരിൽ കണ്ട് സമര പരിപാടികൾക്ക് പിന്തുണ തേടാനും യോഗം തീരുമാനിച്ചതായി കെ.പി.എ മജീദ് അറിയിച്ചു.