കൊച്ചി- പൗരത്വ നിയമ ഭേദഗതി അടക്കം രാജ്യത്ത് നടപ്പാക്കുന്ന കിരാത നിയമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ, ശക്തമായ പോരാട്ടം തുടരണമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുംബൈ ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ബി.ജി കോൾസെ പാട്ടീൽ. ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവുണ്ടാക്കി രാജ്യത്തെ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റി എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ സമര പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ രേഖകൾ ചോദിച്ച് ആരെങ്കിലും വന്നാൽ അതിന് മനസ്സില്ലെന്ന് പറയണം. നിങ്ങളുടെ നിയമം നടപ്പാവില്ലെന്ന് ഉറക്കെ പറയണം. ഒറ്റക്കെട്ടായി അവരെ തുരത്തണം. അംബാനിക്കും അദാനിക്കും കോർപറേറ്റുകൾക്കും മോഡി-ഷാ സഖ്യം രാജ്യത്തെ വിൽക്കുകയാണ്. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. വീട്ടിലിരുന്നാൽ മാറ്റങ്ങൾ ഉണ്ടാവില്ല. മറ്റു കാര്യങ്ങളെല്ലാം മാറ്റിവെച്ച് കിരാത നിയമങ്ങൾക്കെതിരെ ശക്തമായി തെരുവിലിറങ്ങണം. എല്ലാവരും ഒരുമിച്ച നിന്ന് പോരാടിയാൽ മാത്രമേ പോരാട്ടങ്ങൾ ഫലം കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.