ന്യൂദൽഹി- നിലവിലുള്ള തകർച്ചയിൽനിന്നും ഇന്ത്യൻ സാമ്പത്തികാവസ്ഥ കരകയറാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ സ്റ്റീവ് ഹാങ്ക്. ജി.ഡി.പി വളർച്ച അഞ്ച് ശതമാനത്തിലെങ്കിലും എത്തിക്കാൻ ഇന്ത്യ കഷ്ടപ്പെടുമെന്നും കഴിഞ്ഞ പാദങ്ങളിലെ ഇടിവ് സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജി.ഡി.പി വളർച്ച 4.5 ശതമാനമായി കുറഞ്ഞെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇന്ത്യയുടെ കരകയറൽ അതീവ ഗുരുതരാവസ്ഥയിലെന്ന സൂചന നൽകി സ്റ്റീവ് ഹാങ്ക് രംഗത്തെത്തിയത്. ജോൺ ഹോപ്‌സ്‌കിൻസ് സർവകലാശാലയില അപ്ലൈഡ് ഇക്കണോമിക്‌സ് അധ്യാപകനായ സ്റ്റീവ് ഹാങ്ക് അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ സാമ്പത്തിക ഉപദേശക സമിതിയിലും അംഗമായിരുന്നു.
ഇന്ത്യയിൽ വായ്പയെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. തിരിച്ചടവ് കുറയുകയും ബാങ്കുകളിൽ കിട്ടാക്കടം പെരുകുകയും ചെയ്യുന്നു. ബാങ്കുകളുടെ വായ്പാ ഇടപാടുകൾ ചുരുങ്ങിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണം. ഇത് ഇന്ത്യയെ ഈ വർഷതം അഞ്ച് ശതമാനത്തിലേക്കുപോലും ജി.ഡി.പി വളരുന്നതിനെ തടസപ്പെടുത്തും. ആറ് വർഷത്തെ ഏറ്റവും വലിയ ജി.ഡി.പി ഇടിവിലാണ് ഇന്ത്യ. 201920 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ വളർച്ച 4.5% ആയി. എന്നിട്ടും ലോകത്തെ അതിവേഗ വളർച്ചയുള്ള രാജ്യമാണ് തങ്ങളെന്നാണ് ഇന്ത്യ അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിലെ മാന്ദ്യം ഉപഭോഗത്തിലേക്ക് വ്യാപിച്ചതും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ സാമ്പത്തിക പ്രശ്‌നവും തൊഴിലവസരങ്ങൾ ഇല്ലാതായതുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഈ അവസരത്തിൽപോലും അനിവാര്യമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിൽ മോഡി സർക്കാർ പരാജയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ, മോഡിയുടെ കീഴിൽ ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ പോലീസ് സ്‌റ്റേറ്റ് എന്നതിലേക്ക് മാറിക്കഴിഞ്ഞുവെന്നാണ് പലരും സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.