Sorry, you need to enable JavaScript to visit this website.

പാര്‍ട്ടികള്‍ ഒഴിവാക്കി ദേശീയ ഗാനമാലപിച്ച് ദില്ലിയിലെ പ്രതിഷേധക്കാര്‍

ന്യൂദല്‍ഹി- രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ക്ലബ്ബുകളിലും, പാര്‍ട്ടികളിലും ഒതുങ്ങിയപ്പോള്‍ ദല്‍ഹിയില്‍ ഇക്കുറി പുതുവര്‍ഷത്തെ വരവേറ്റത് മറ്റൊരു രീതിയിലാണ്. പാര്‍ട്ടികള്‍ ഒഴിവാക്കി യുവാക്കളും, പ്രായമായവര്‍ ടിവി പരിപാടികള്‍ കാണുന്നതും ഒഴിവാക്കി പുതുവര്‍ഷ രാത്രിയില്‍ കൊടുംതണുപ്പില്‍ അരങ്ങേറുന്ന ഡല്‍ഹി ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളിലാണ് പങ്കാളികളായത്. ആയിരങ്ങള്‍ 12 മണിക്ക് ദേശീയ ഗാനങ്ങള്‍ ആലപിച്ച് പുതുവര്‍ഷത്തെ വരവേറ്റു. നിരവധി പേരാണ് രാത്രിയില്‍ ദേശീയ പതാകയുമേന്തി പ്രതിഷേധ വേദിയില്‍ എത്തിയത്. ചായ കുടിച്ചാണ് കൊടുതണുപ്പിനെ മിക്കവരും പ്രതിരോധിച്ചത്. പുതിയ നിയമത്തിന് എതിരെയുള്ള പ്ലക്കാര്‍ഡുകളും 'ആസാദി' വിളികളും പലയിടത്തും മുഴങ്ങി. ക്ലോക്ക് 12 മണിയിലേക്ക് എത്തിയപ്പോള്‍ ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കി സഹപ്രതിഷേധക്കാര്‍ക്ക് പുതുവര്‍ഷം നേര്‍ന്നു.
തൊട്ടുപിന്നാലെയാണ് എല്ലാവരും ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചത്. ഇതോടൊപ്പം 'ഇന്‍ക്വിലാബ് സിന്ദാബാദും' മുഴങ്ങി. ഡല്‍ഹിയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന യുവ പ്രൊഫഷണലുകളാണ് പാര്‍ട്ടികള്‍ ഒഴിവാക്കി പ്രതിഷേധ വേദിയിലെത്തിയത്. കാര്യങ്ങള്‍ സാധാരണ നിലയില്‍ ആയിരുന്നെങ്കില്‍ പാര്‍ട്ടികള്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നാണ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 30കാരനായ യുവാവ് പറഞ്ഞത്.

Latest News