Sorry, you need to enable JavaScript to visit this website.

മഞ്ചേരിയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച  യുവാവിന് നാലു വർഷം കഠിനതടവ്

മഞ്ചേരി- വീട്ടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നിലമ്പൂർ നല്ലന്തണ്ണി ഏനാന്തി പാത്തിപ്പാറ വാഴപ്പറമ്പൻ വി.പി.രമേശ് എന്ന സുന്ദര (35) നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. 2013 ഓഗസ്റ്റ് 19ന് പുലർച്ചെ 2.45 നാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യൻ ശിക്ഷാ നിയമം 511 (376) വകുപ്പ് പ്രകാരം ബലാത്സംഗ ശ്രമത്തിനു നാലു വർഷം കഠിന തടവ്, 50,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ്, 451 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കയറിയതിനു രണ്ടു വർഷം കഠിന തടവ്, 25,000 രൂപ പിഴ, 354 വകുപ്പ് പ്രകാരം മാനഭംഗത്തിനു രണ്ടു വർഷം കഠിന തടവ്, 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴ അടക്കുന്നപക്ഷം തുക പീഡനത്തിനിരയായ വീട്ടമ്മക്ക് നൽകാനും കോടതി വിധിച്ചു. കേസിലെ 15 സാക്ഷികളിൽ ഒമ്പതു പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു കോടതി മുമ്പാകെ വിസ്തരിച്ചു. നിലമ്പൂർ സി.ഐ സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
 

Latest News