Sorry, you need to enable JavaScript to visit this website.

ജോസഫ് വിസ്സറിയനോവിച്ച സ്റ്റാലിൻ

സ്റ്റാലിൻ മ്യൂസിയമാണ് കാണേണ്ട മറ്റൊരു പ്രധാന കേന്ദ്രം. പതിനഞ്ച് ലാറിയാണ് സന്ദർശന ഫീസ്.  മിലിട്ടറി യൂനിഫോമിൽ, കൊമ്പൻ മീശയും വെച്ച് ലോകത്തെ നിയന്ത്രിച്ച ആധുനിക ലോകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി, ആധുനിക ലോകത്തെ ഏറ്റവും വലുതും ശക്തവുമായ രാജ്യത്തെ 30 വർഷത്തോളം മുന്നോട്ടു നയിച്ച ഉരുക്കു മനുഷ്യൻ. യഥാർത്ഥ ഇരട്ട ചങ്കൻ  സ്റ്റാലിൻ  ഏതൊരു സോഷ്യലിസ്റ്റ് ചിന്തക്കാരനെയും ആകർഷിക്കും. എന്നാൽ ഗോറി നിവാസികൾക്കൊന്നും സ്റ്റാലിനെ ഇഷ്ടമല്ലെന്നാണ് പ്രേം വിശദീകരിച്ചത്. 
സ്റ്റാലിൻ മ്യൂസിയത്തിന് ചുറ്റുമതിലിൽ  ഇരുമ്പിൽ തീർത്ത സോവിയറ്റ് ചിഹ്നം പതിച്ചിട്ടുണ്ട്, ഗോതമ്പു കതിരിന് നടുവിലായി അരിവാൾ ചുറ്റിക നക്ഷത്രം, പക്ഷേ ഇപ്പോൾ അതിൽ അരിവാൾ ചുറ്റികയില്ല. അത് അടർത്തിമാറ്റിയിരിക്കുന്നു, സോവിയറ്റ് പതനത്തിന്റെ കാറ്റു മോശമല്ലാത്ത വിധം ഗോറിയിൽ എത്തിയിട്ടുണ്ടെന്നു ഉറപ്പായി, അതിനൊപ്പം പ്രേം വിശദീകരിച്ചു- ഗോറി സെന്റർ സ്‌ക്വയറിൽ സ്റ്റാലിന്റെ പൂർണകായ പ്രതിമയുണ്ടായിരുന്നു. 2010 ൽ അമേരിക്കൻ സ്വാധീനമുള്ള സർക്കാർ അത് ഇളക്കി മാറ്റി. എന്നാൽ പിന്നീട് പുതിയ സർക്കാർ എത്തിയപ്പോൾ ഒരു വിഭാഗം ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം സ്റ്റാലിന്റെ ഒരു പൂർണ പ്രതിമ സ്റ്റാലിൻ മ്യൂസിയത്തിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്. പലരും അതിന് മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്നുണ്ട്. മ്യൂസിയത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ വലതു സൈഡിലായി സ്റ്റാലിന്റെ പ്രതിമ കാണാൻ കഴിയും. 
ഒരു സൈഡിലായി സ്റ്റാലിൻ സോവിയറ്റ് യൂനിയനിലാകമാനം സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ ട്രെയിൻ വാഗൺ കാണാം. ഒരു ചരിത്ര സ്മാരകമെന്നതിലുപരി മറ്റെന്തൊക്കെയോ പാഠങ്ങൾ മനസ്സിലൂടെ മിന്നി മറയും.  അതിനുള്ളിൽ കയറി കാണാൻ സാധിക്കും.  സ്റ്റാലിന്റെ കിടപ്പുമുറി, അരികിലായി എഴുത്തു മേശ, ആഹാരം പാകം ചെയ്യാനുള്ള മുറി, മറ്റുള്ളവരുമായി ചർച്ച നടത്തുന്നതിനുള്ള പ്രത്യേക മുറി, കുളി മുറി, എല്ലാ സൗകര്യങ്ങളോടു കൂടിയ വാഗൺ, അകം മുഴുവനും തടിയിൽ പണിതതാണ്, ഉള്ളിൽ കടന്നപ്പോൾ സ്റ്റാലിനെ കുറിച്ചുള്ള ഓർമകൾ മനസ്സിലേക്ക് കടന്നു വന്നു. എത്ര പേരുടെ, എത്ര രാജ്യങ്ങളുടെ ഭാവിയാണ് ഈ ട്രെയിനിനുള്ളിൽ വെച്ച് തീരുമാനിച്ചിട്ടുണ്ടാവുക. 
ട്രെയിനിനകത്തെ സന്ദർശനം കഴിഞ്ഞ്  മ്യൂസിയത്തിലേക്ക് കടന്നു, അതിവിശാലമായ രണ്ടു നിലകളിലായാണ് സ്റ്റാലിൻ മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്.  പ്രധാന കവാടത്തിലൂടെ ഉള്ളിലേക്ക് കടക്കുമ്പോൾ മുകളിലേക്ക് നീളുന്ന കോണിയുടെ മധ്യത്തിൽ സ്റ്റാലിന്റെ പ്രതിമയുണ്ട്. ചരിത്രത്തെ പിടിച്ചുകുലുക്കിയ ഭരണാധികാരി എഴുന്നേറ്റു നിൽക്കുന്നതുപോലെ തോന്നും.   മുകളിലെ നിലയിൽ ഒരു മുറിയിൽ സ്റ്റാലിൻ ഉപയോഗിച്ചിരുന്ന കസേരയും റെഡ് സ്‌ക്യുറിൽ അദ്ദേഹത്തിന്റെ ഓഫീസും അതുപോലെ സെറ്റ് ചെയ്തിട്ടിണ്ട്.  സോവിയറ്റ് കാലത്തു നിർമിക്കപ്പെട്ട പ്രതിമകൾ പലയിടങ്ങളിലായി കാണാം.  ഒരു മൂലക്കായി സ്റ്റാലിൻ ഉപയോഗിച്ചിരുന്ന യൂനിഫോം, തണുപ്പ് കാലത്ത് അദ്ദേഹമുപയോഗിച്ചിരുന്ന കോട്ട് എന്നിവയുമുണ്ട്. 
1951 സോവിയറ്റ് ഓർമകളുടെ പേരിൽ തുടങ്ങിയ മ്യൂസിയം  സ്റ്റാലിന്റെ മരണ ശേഷം സ്റ്റാലിന്റെ പേരിൽ ആക്കി മാറ്റിയതാണെന്ന് പ്രേം വിശദീകരിച്ചു. ഡി സ്റ്റാലിസേഷന്റെ പേരിൽ സ്റ്റാലിന്റെ എല്ലാ ബാക്കിയിരിപ്പുകളും മോസ്‌കോയിൽ നിന്നും ഒരുപാടു ദൂരെ ഈ കൊച്ചു പട്ടണത്തിൽ നാട് കടത്തിയിരിക്കുന്നു.
രണ്ടാം നിലയിലെ പ്രധാന മുറിയിൽ ആദ്യ ഭാഗത്തു സ്റ്റാലിന്റെ വിപ്ലവകാരിയായുള്ള തുടക്കം മുതൽ റഷ്യൻ വിപവം വരെയുള്ള ചിത്രങ്ങൾ കാണാം. ലെനിനും പലയിടങ്ങളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്.   തൊട്ടടുത്ത മുറിയിൽ സ്റ്റാലിന് സമ്മാനമായി ലോകത്തിന്റെ പല ഭാഗത്തുനിന്നും ലഭിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്, അതിൽ ഒന്ന് ഇന്ത്യയിൽ നിന്നും കിട്ടിയ ഒരു 'അരി മണിയാണ്'. അതിൽ ഏകദേശം 230 വാക്കുകൾ എഴുതിയിട്ടുണ്ട്, സ്റ്റാലിൻ എന്ന സാർവദേശീയ പോരാളിയെയും സോവിയറ്റ് യൂനിയനെയും അഭിനന്ദിച്ചുകൊണ്ടുള്ള വരികൾ.
കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ടിൽ സ്റ്റാലിന്റെ അച്ഛന്റെ ഷൂ ഫാക്ടറിയായിരുന്നുവത്രേ. അതിനും താഴെ സ്റ്റാലിൻ കമ്യൂണിസ്റ്റ് ആശയങ്ങൾ അച്ചടിച്ചിരുന്ന പ്രസുമുണ്ടെന്ന് പ്രേം പറഞ്ഞു. സമയം വൈകിയതിനാൽ അങ്ങോട്ടൊന്നും പോകാതെ ഓട്ട പ്രദക്ഷിണം പൂർത്തിയാക്കി. സ്റ്റാലിൻ മ്യൂസിയ വളപ്പിലെ മനോഹരമായ ഉദ്യാനത്തിൽ നിറയെ റോസാപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്നുണ്ട്. 
ഒരു ഭാഷാ സ്‌നേഹി എന്ന നിലക്ക് ജോർജിയൻ യാത്രയിൽ ഏതാനും  ജോർജിയൻ വാക്കുകൾ (കർത്തൂലി ഭാഷ) സ്വായത്തമാക്കാനായ സന്തോഷവും ഇവിടെ പങ്കുവെക്കട്ടെ. മനസ്സിലാക്കിയ പ്രധാന വാക്കുകൾ. 
റോഗോർ കാർത്ത്. ഹൗ ആർ യു ഉകത്സ്രവാദ്. എക്‌സ്‌ക്യൂസ് മീ 
ബോദിഷി.  സോറി 
തു ശൈദ് സ്ലീബ. പഌസ് 
മത്‌ലോബ. താങ്ക്‌സ് 
ദിയക്.  യെസ് 
അര.  നോ 
മോദി. കം
കർഗി.  ഒ.കെ. 
കർഗാദ്. ഗുഡ് ബൈ 
നക്വാംദിസ്. സീ യൂ     
കണ്ട കാഴ്ചകൾ മനോഹരം. കാണാനിരിക്കുന്നവ അതിമനോഹരം എന്നാണല്ലോ. കൊതിപ്പിക്കുന്ന ജോർജിയൻ തെരുവുകളോട് മനസ്സില്ലാ മനസ്സോടെ വിട പറയുമ്പോൾ മനസ്സിന്റെ ഏതോ സ്വപ്‌നത്തേരിൽ അടുത്ത യാത്രയുടെ കിനാവുകൾ കൂടു കൂട്ടിത്തുടങ്ങിയിരിക്കുന്നു.
(അവസാനിച്ചു)
 

Latest News