തിബ്‌ലിസിയിൽ ജോർജിയൻ ടൂർസ് എന്ന സ്ഥാപനം നടത്തുന്ന തിരുവനന്തപുരത്തുകാരനായ സുഹൃത്ത് പ്രേം പ്രകാശ് ആൻഡ്രൂസാണ് ഇന്നത്തെ ടൂർ ഗൈഡും ഡ്രൈവറും. വർഷങ്ങളായി അടുത്തറിയുന്ന സുഹൃത്താണ് പ്രേം. അതുകൊണ്ട് തന്നെ യാത്രക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു.
പ്രേമിന്റെ കാറിൽ ജോർജിയൻ ഗ്രാമങ്ങളിലൂടെ നടത്തിയ അവിസ്മരണീയ യാത്രയാണ് ഗ്രാമ ജീവിതവും ഗ്രാമീണ സംസ്‌കാരവും അടുത്തറിയുവാൻ സഹായിച്ചത്. ധന്യമായ സാംസ്‌കാരിക പാരമ്പര്യങ്ങളും ചരിത്ര ശേഷിപ്പുകളും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യവുമൊക്കെ അലങ്കരിക്കുന്ന ജോർജിയൻ കാഴ്ചകൾ അവസാനിക്കുന്നില്ല. ഓരോ ദിക്കിലും വിസ്മയ കാഴ്ചകളും ചരിത്രം അനാവരണം ചെയ്യുന്ന സ്മാരകങ്ങളും കാണാം.
ജുവാരി മോണാസ്ട്രി പ്രധാനപ്പെട്ട ഒരു സന്ദർശന കേന്ദ്രമാണ്. തിബ്‌ലിസിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദുരമുണ്ട് ഇവിടേക്ക്. മിത്സ്‌കേത്ത എന്ന പട്ടണത്തിനടുത്തുള്ള ഒരു കുന്നിന്റെ മുകളിലാണ് അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ജോർജിയൻ ഓർത്തഡോക്‌സ് ചർച്ച് സ്ഥിതി ചെയ്യുന്നത്. ജുവാരി മോണാസ്റ്ററി യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ പെട്ടതാണ്. ഇവിടെ നിന്നും നോക്കിയാൽ മിത്‌കേവരി നദിയുടെ കരയിലുള്ള മിത്സ്‌കേത്ത പട്ടണം ഭംഗിയായി കാണുവാൻ കഴിയും.
മിത്‌കേവരി, അരാഗ്‌വി നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ചെറുപട്ടണമാണ് മിത്സ്‌കേത്ത. ജോർജിയയുടെ പഴയ തലസ്ഥാനമായിരുന്നു ഇവിടം. ജോർജിയൻ ഓർത്തഡോക്‌സ് ചർച്ചിന്റെ പുണ്യനഗരമായാണ് മിത്സ്‌കേത്ത അറിയപ്പെടുന്നത്. പഴയ കല്ലു പാകിയ വഴികളും ഓടിട്ട വീടുകളും നദിയോരവും ചുറ്റുമുള്ള മലകളും എല്ലാം കൂടി വളരെ മനോഹരമായ ഒരു സ്ഥലം. ഇവിടുത്തെ പ്രധാന ആകർഷണം നാലാം നൂറ്റാണ്ടിൽ പണി കഴിച്ച സെവറ്റിസ്‌കോവേലി ചർച്ചാണ്. ഇതും യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ പെട്ടതാണ്. ഇതിന് ചുറ്റും ഒരു കോട്ട മതിലുണ്ട്.
പ്രേം ഈ കോട്ട മതിലിന്റെ ചരിത്രം വിശദീകരിച്ചു. അറബ്, പേർഷ്യൻ റഷ്യൻ അധിനിവേശങ്ങളെ അതിജീവിച്ച ചരിത്ര സ്മാരകമാണ് ഇത്. അതിന്റെ അടയാളങ്ങൾ എങ്ങും കാണാം. ജോർജിയൻ രാജകുടുംബത്തിലെ അംഗങ്ങളെ അടക്കിയിരിക്കുന്നതും ഈ പളളിക്കകത്താണ്. ഇവരുടെ കല്ലറകൾ തറനിരപ്പിൽ തന്നെയാണ്. എല്ലാവരും ഇതിന്റെ മുകളിലൂടെ നടക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എല്ലാവരും തുല്യരാണ് എന്നതിന്റെ പ്രതീകമാണ് ഇത് എന്ന് പ്രേം പറയുന്നുണ്ടായിരുന്നു. ഇതിൽ ഒരു കല്ലറ മാത്രം ഉയർന്നതും നീളമേറിയതുമാണ്. വക്താംഗ് ഗോർഗസാലി എന്ന രാജാവിന്റെ കല്ലറയാണിത്. ഇദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടയാളാണ്. അതു കൊണ്ടാണ് ആ കല്ലറ മാത്രം ഉയർന്നു നിൽക്കുന്നത്.
ഞങ്ങൾ ഗോറി ലക്ഷ്യമാക്കി യാത്ര തുടർന്നു. തിബ്‌ലിസിയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ഈ പട്ടണം. വഴിയോര കാഴ്ചകളും കൊച്ചുകൊച്ചു വിശേഷങ്ങളുമായി സമയം പോയതറിഞ്ഞില്ല. ഗോറിയിലെ ഗ്രാമാന്തരങ്ങളിലെ പച്ചയായ ജീവിതം ഏറെ ആകർഷകമാണ്. കൃഷി ചെയ്തു സന്തോഷമായി ജീവിക്കുന്ന ജനങ്ങൾ. വളരെ ചുരുങ്ങിയ ചെലവിലാണ് അവർ നിത്യച്ചെലവുകൾ നടത്തുന്നത്. എങ്കിലും വളരെ സമ്പന്നമായ മനസ്സിന്റെ ഉടമകളാണവർ. മിക്ക വീടുകളിലും വൈൻ വാറ്റുന്ന ഏർപ്പാടുണ്ട്. വിവിധ തരം പഴങ്ങളും പച്ചക്കറികളും ഓരോരുത്തരും സ്വന്തമായി നട്ടു നനച്ചു വളർത്തുന്നു. പഴങ്ങൾ കേടാവാതിരിക്കുവാൻ ഉണക്കി സൂക്ഷിക്കുന്ന ഏർപ്പാടും അവിടെ കണ്ടു.
മുന്തിരിവള്ളികൾ കായ്ച്ചു നിൽക്കുന്ന ഒരു വീടിന് മുന്നിൽ ഫോട്ടോ എടുക്കാനായി നിർത്തിയപ്പോഴേക്കും വീട്ടുകാരൻ ഓടി വന്ന് ഞങ്ങളെ സൽക്കരിക്കുവാൻ തുടങ്ങി. കോണി കൊണ്ട് വന്ന് മുന്തിരിവള്ളിയിൽ നിന്നും മുന്തിരി പറിച്ച് കഴിപ്പിച്ച ശേഷമാണ് ഞങ്ങളെ വിട്ടത്.
ഗ്യാസ് കണക്ഷൻ എല്ലായിടത്തും ഉണ്ടെങ്കിലും വിറക് വെച്ച് കത്തിക്കുന്ന അടുപ്പുകളും ഗ്രാമങ്ങളിൽ വ്യാപകമായി കണ്ടു. ഗ്യാസ് ലൈനുകൾ 10 അടി ഉയരത്തിലുളള പൈപ്പുകളിലൂടെയാണ്. എല്ലാ വീടിന്റെ മുമ്പിലൂടെയും മഞ്ഞ നിറത്തിലുള്ള ഇത്തരം പൈപ്പുകളുണ്ട്.
മയക്കുമരുന്നുകൾ നിയമ വിധേയമായ രാജ്യമെന്നത് ജോർജിയയുടെ ഒരു ശാപമാകാം. ചിലയിടങ്ങളിലെങ്കിലും ലഹരിയുടെ മായാലോകത്തകപ്പെട്ട് കഴിയുന്നവരെ കാണാനായി.
ഗോറിയിലെ പ്രധാന കാഴ്ച അപ്പിളിസ്റ്റ്കി സ്റ്റോൺ സിറ്റിയാണ്. കല്ലു കൊണ്ടൊരു നഗരം. മിത്‌കേവരി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പേര് സൂചിപ്പിക്കുന്നത് പോലെ പാറ തുരന്ന് ഉണ്ടാക്കിയിരിക്കുന്ന പുരാതനമായ വീടുകളുടെയും കെട്ടിടങ്ങളുടെയും കൂട്ടമാണ്. ഇതിന്റെ ഉത്ഭവം ഏതാണ്ട് 1000 ബി.സി ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ട് വരെ ഇവിടെ ജനവാസമുണ്ടായതായി കരുതപ്പെടുന്നു. ഒരു വലിയ പാറക്കൂട്ടമാണിവിടം. നടക്കാൻ പ്രയാസമുള്ളവർക്ക് മുഴുവൻ കയറിക്കാണാൻ ബുദ്ധിമുട്ടായിരിക്കും. വ്യത്യസ്തമായ ഒരു അനുഭവമാണ് അപ്പിളിസ്റ്റ്കി സ്‌റ്റോൺ സിറ്റി. ജോർജിയയിൽ തീർച്ചയായും കാണേണ്ട ഒരു സ്ഥലം. യുനെസ്‌കോയുടെ ലോക ഹെറിറ്റേജ് സൈറ്റുകളിൽ ഇടം പിടിച്ച ചരിത്ര പ്രധാനമായ സ്ഥലമാണിത്.
ജോർജിയയുടെ കിഴക്ക്, തലസ്ഥാനത്ത് നിന്ന് നൂറു കിലോമീറ്റർ ദൂരെ, ഗോറിയിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ഈ പുരാതന നഗരമായ അപഌസ്റ്റികി നഗരം സ്ഥിതിചെയ്യുന്നത്.
മ്യൂസിയത്തിന്റെ പദവിയുള്ളതും യുനെസ്‌കോയുടെ സംരക്ഷണയിലുള്ളതുമായ ചരിത്ര സ്മാരകത്തെ ജോർജിയൻ പെട്ര എന്ന് വിളിക്കുന്നു. കുറാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇത് നമ്മുടെ കാലഘട്ടത്തിന് മുമ്പ് ജോർജിയയിൽ ആളുകൾ താമസിച്ചിരുന്ന ആദ്യത്തെ പോയന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നിത്യവും നൂറുകണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. ഒരാൾക്ക് 7 ലാറയുടെ ടിക്കറ്റെടുത്താൽ മാത്രമേ ഇവിടം സന്ദർശിക്കാനാവുകയുള്ളൂ.
ഈ നഗരത്തിന്റെ ഉൽപത്തിയെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. പുരാതന കാലത്ത്, അപ്‌ലിസ്റ്റികെയിൽ ഏകദേശം 700 ഗുഹകളും ഹാളുകളും കെട്ടിടങ്ങളും ഉണ്ടായിരുന്നുവത്രേ. ഇപ്പോൾ ഏകദേശം 150 ഓളം മാത്രമാണ് അവശേഷിക്കുന്നത്.
സന്ദർശകർക്ക് ഇവയൊക്കെ വന്നുകാണാം. വ്യക്തമായ ബോർഡുകളോ വിശദാംശങ്ങളോ ഒന്നും ഈ പ്രദേശത്ത് ലഭ്യമല്ല എന്നത് വലിയ ഒരു പോരായ്മയായി തോന്നി.
മ്യൂസിയത്തിന്റെ ആധുനിക പ്രദേശത്ത് ടൂറിസ്റ്റ് വാഹനങ്ങൾ, ടിക്കറ്റ് ഓഫീസുകൾ, പാനീയങ്ങളുള്ള വെൻഡിംഗ് മെഷീനുകൾ, കഫേകൾ എന്നിവക്ക് സൗകര്യപ്രദമായ പാർക്കിംഗ് സ്ഥലങ്ങളുണ്ട്. സമുച്ചയത്തിൽ വിശ്രമ മുറികളുണ്ട്, സമീപത്ത് ഒരു ക്യാമ്പിംഗ് സൈറ്റുമുണ്ട്.






