കോഴിക്കോട്- ദേശീയ തലത്തിൽ സി.പി.എമ്മിന്റെ മുഖമായി പിണറായി വിജയൻ. ബംഗാളിലെ ഭരണം നഷ്ടപ്പെട്ടതോടെ പാർട്ടിക്ക് സ്വാധീനമുള്ള പ്രമുഖ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിക്ക് ദേശീയ തലത്തിൽ പ്രാധാന്യമേറുകയാണ്.
ഒരു കാലത്ത്, മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും മേലെ നിന്നിരുന്ന പാർട്ടി സെക്രട്ടറിമാരുടെ സ്ഥാനം പിണറായിക്ക് താഴെയാകുകയാണ്. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയേക്കാൾ സി.പി.എം നേതാക്കളിൽ ശ്രദ്ധേയനായാണ് പിണറായിയെ ദേശീയ മാധ്യമങ്ങളടക്കം കാണുന്നത്.
ബംഗാളിൽനിന്ന് കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താനുള്ള യെച്ചൂരിയുടെ നീക്കം തകർത്ത പിണറായി അക്കാര്യം പാർട്ടി സമിതി ചേരും മുമ്പെ പുറത്തു പറഞ്ഞുകൊണ്ട് സംഘടനാ നടപടിക്രമങ്ങളെ അവഗണിച്ചു. ഇക്കാര്യം യെച്ചൂരി തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിയുമുണ്ടായി.
നേരത്തെ ദൽഹിയിലെത്തിയപ്പോൾ മുഖ്യമന്ത്രി കെജ്‌രിവാളുമായി ചർച്ച നടത്തിയ പിണറായി വിജയൻ കഴിഞ്ഞ ദിവസം ഹരിയാനയിൽ തീവണ്ടിയിൽ വെച്ച് ആക്രമണമേറ്റ് മരിച്ച ജുനൈദിന്റെ ബന്ധുക്കളെ സന്ദർശിക്കുകയുണ്ടായി. ജുനൈദിന്റെ കുടുംബത്തിന് സി.പി.എം സംസ്ഥാന കമ്മിറ്റി സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതര പാർട്ടികളിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുന്നവർ അതാത് പാർട്ടിയുടെ ഭാഗധേയം കൂടി വഹിക്കുന്നവരാണെങ്കിൽ സി.പി.എമ്മിന്റെ രീതി വ്യത്യസ്തമാണ്. പാർട്ടിയുടെ സെക്രട്ടറിക്ക് താഴെയാണ് എപ്പോഴും ഭരണാധികാരികൾ. പിണറായി ഈ രീതിയെ അതിലംഘിക്കുകയാണ്. കേരളത്തിൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും ശക്തനായ സംസ്ഥാന സെക്രട്ടറിയുണ്ടായിരുന്നു. ഇ.കെ. നായനാരുടെയും വി.എസിന്റെയും കാലത്തും പ്രമുഖനായിരുന്നു സംസ്ഥാന സെക്രട്ടറിമാരെങ്കിൽ കോടിയേരിയുടെ സ്ഥാനം ഫലത്തിൽ പിണറായിക്ക് താഴെയാണ്.
ബംഗാളിൽ പാർട്ടി അജയ്യമായി നിന്നപ്പോൾ ജ്യോതിബസു പരിധി വരെ പാർട്ടിക്ക് മുകളിലായിരുന്നു. എങ്കിലും അഖിലേന്ത്യാ സെക്രട്ടറിക്ക് പ്രഭാവം അംഗീകരിക്കപ്പെട്ടു.ഇന്നത്തെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ പിണറായി - വി.എസ് പോരിൽ വി.എസിനൊപ്പം നിലകൊണ്ടയാളാണ്. യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കാൻ വി.എസ് പരസ്യമായി ന്നെ ഇടപെട്ടു. യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്ക് കത്തു വരെ നൽകുകയുണ്ടായി.
ദേശീയ തലത്തിൽ പാർട്ടിയുടെ സ്വാധീനം ശോഷിച്ചു വരുമ്പോൾ പാർട്ടിക്ക് ഏക തുരുത്തായി നിൽക്കുന്നത് പിണറായിയും കേരളവുമാണ്. ത്രിപുരയിൽ ഭരണം തുടരുന്നുണ്ടെങ്കിലും ചെറിയ സംസ്ഥാനമായതിനാൽ അത്ര പരിഗണനയേ ലഭിക്കുന്നുള്ളൂ. കേരളത്തിലെ പാർട്ടിയാകട്ടെ പൂർണമായി പിണറായിയുടെ ചൊൽപ്പടിയിലാണ്. വി.എസ് ഏതാണ്ട് പിൻവാങ്ങി. പിണറായിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ചിലേടത്തെങ്കിലും സൂക്ഷിക്കുന്ന എം.എം ബേബിയടക്കമുള്ളവർ മിണ്ടാനാവാതെ നിൽക്കുന്നു.






