ജപാനില്‍ നിന്ന് മുങ്ങിയ നിസാന്‍ മുന്‍ മേധാവി ലബനോനില്‍

ബെയ്‌റൂത്ത്- സാമ്പത്തിക കുറ്റകൃത്യത്തിന് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായതിനു ശേഷം ജപാനില്‍ നിന്നു മുങ്ങിയ നിസാന്‍ മു്ന്‍ മേധാവി കാര്‍ലോസ് ഗോന്‍ ലെബനോനില്‍. ജപാനില്‍ വിചാരണ നേരിടുന്ന ഗോന്‍ തന്നെയാണ് താന്‍ ലെബനോനിലുള്ള കാര്യം വെളിപ്പെടുത്തിയത്. നിരപരാധികളെ വേട്ടയാടുന്ന, വിവചപരമായി പെരുമാറുന്ന, അടിസ്ഥാന മനുഷ്യാവകാശം പോലും നിഷേധിക്കുന്ന ജപാനിലെ പിഴച്ച നീതിന്യായ സംവിധാനത്തിന്റെ തടവിലല്ല താനെന്നും അദ്ദേഹം ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പീഡനത്തില്‍ നിന്നും അനീതിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതാണ് താനെന്നും ലോകപ്രശസ്ത കാര്‍ നിര്‍മാതാക്കളായ നിസാര്‍ മോട്ടോര്‍ കമ്പനി, റിനോ എസ്എ എന്നിവയുടെ തലവനായിരുന്ന ഗോന്‍ പറഞ്ഞു.

ലെബനോനില്‍ കാര്‍ലോസ് ഗോന് പൗരത്വവും ഉണ്ട്. ജപാനുമായി ലെബനോന് കുറ്റവാളിക്കൈമാറ്റ കരാര്‍ ഇല്ലാത്തതിനാല്‍ പിടികൂടി ജപാനിലേക്ക് തിരിച്ചയക്കുകയുമില്ല. നിസാനെ റിനോയുമായി യോജിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ നിസാന്‍ ഉദ്യോഗസ്ഥരും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ഗോന്‍ പറയുന്നു. സ്വകാര്യ നേട്ടത്തിനു വേണ്ടി കമ്പനിയുടെ വിഭവങ്ങള്‍ എടുക്കുകയും സാമ്പത്തിക തിരിമറി നടത്തുകയും ചെയ്‌തെന്നാണ് ഗോനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഈ കേസില്‍ വിചാരണ കാത്തു കഴിയുകയായിരുന്നു. ജപാന്‍ വിട്ടു പോകരുതെന്നും രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ മാത്രമെ താമസിക്കാവൂ എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ ആണ് ഗോന് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെയാണ് ഗോന്‍ മുങ്ങിയത്.
 

Latest News