ലഖ്‌നൗ- പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് പോലീസ് മോധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമഭേഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപുലര്‍ ഫ്രണ്ടാണെന്നാണ് പോലീസിന്റെ ആരോപണം. അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപി ഡിജിപി ഓം പ്രകാശ് സിങാണ് ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയത്. ഡിസംബര്‍ 19 നടന്ന അക്രമങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് കത്തില്‍ അദ്ദേഹം പറയുന്നു. സംസ്ഥാനത്ത് സംഘര്‍ഷം പടര്‍ത്തുന്നതില്‍ സംഘടനയ്ക്ക് പ്രധാന പങ്കുണ്ടെന്നും കത്തിലുണ്ട്.
സംഘര്‍ഷങ്ങളുണ്ടായ വിവിധ പ്രദേശങ്ങളില്‍ നിന്നായി 23 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം ഇളക്കി വിട്ടതാരാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇവരില്‍ നിന്നും സുപ്രധാന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. അവ ഇപ്പോള്‍ പുറത്തു വിടാനാവില്ല- ഡിജിപി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
യുപിയിലുണ്ടായ വ്യാപക ആക്രമണങ്ങള്‍ക്കും തീവെപ്പിനും സ്വത്തു നശിപ്പിക്കലിനും പിന്നില്‍ പോലുപര്‍ ഫ്രണ്ടാണെന്നും ഇത്തരം സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു.