ആറു മാസത്തിനകം എയര്‍ ഇന്ത്യ പൂട്ടും; കമ്പനിയെ വാങ്ങാന്‍ ആരും എത്തിയില്ലെങ്കില്‍

മുംബൈ-സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുലഴുന്ന സര്‍ക്കാര്‍ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ ആരും എത്തിയില്ലെങ്കില്‍ അടുത്ത ആറുമാസത്തിനകം കമ്പനി പൂട്ടേണ്ടി വരുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. എയര്‍ ഇന്ത്യയെ താങ്ങി നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഏറെക്കാലം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പല സര്‍വീസുകളും പുനരാരംഭിക്കുന്നതിനുള്ള പണം ആവശ്യമുണ്ട്. കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 60,000 കോടിയുടെ കടമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ട് നാളെറെ ആയെങ്കിലും നിക്ഷേപമിറക്കാനും ഓഹരി വാങ്ങാനും സ്വകാര്യ സംരഭകര്‍ ആരും തയാറായി മുന്നോട്ടു വന്നിട്ടില്ല. അടുത്ത വര്‍ഷം ജൂണോടെ കമ്പനിയെ ആരും ഏറ്റെടുത്തില്ലെങ്കില്‍ ജെറ്റ് എയര്‍വേസിന്റെ വിധിയാണ് എയര്‍ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.

സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ഫണ്ട് നല്‍കുന്നില്ല. പ്രവര്‍ത്തന മൂലധനം സ്വയം കണ്ടെത്താനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെറിയ ചെറിയ തുകകള്‍ കണ്ടെത്തി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കമ്പനി മുന്നോട്ട് കൊണ്ട് പോകുന്നുണ്ടെങ്കിലും അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെ 30,520.21 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അന്നത്തെ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 30,000 കോടി രൂപ എയര്‍ ഇന്ത്യയില്‍ ഇറക്കാനാണ് തീരുമാനിച്ചിരുന്നത്.

ബിജെപി സര്‍ക്കാരിനോട് എയര്‍ഇന്ത്യ പ്രവര്‍ത്തനച്ചെലവ് കണ്ടെത്തുന്നതിനായി 2,400 കോടി രൂപയ്ക്ക് ജാമ്യം നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും സര്‍ക്കാര്‍ 500 കോടി രൂപയ്ക്ക് ജാമ്യം നില്‍ക്കാനേ തയ്യാറായുള്ളൂ.

25 വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് പണമില്ലാത്തത് കാരണം കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. 2018-19-ല്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 8,556.35 കോടി രൂപയാണ്. എഞ്ചിന്‍ മാറ്റുന്നതിനുവേണ്ടി നിലത്തിറക്കിയ 12 എ 320 വിമാനങ്ങളുടെ എഞ്ചിന്‍ മാറ്റുന്നതിനായി 1100 കോടി രൂപ അടിയന്തരമായി ആവശ്യമാണ്.

Latest News