കുവൈത്ത് സിറ്റി - സൗദി, കുവൈത്ത് അതിർത്തിയിലെ അൽസാൽമി അതിർത്തി പോസ്റ്റിൽ നിന്ന് സ്‌പോർട്‌സ് കാർ കടത്തിയ നാലംഗ സംഘത്തെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടു പേർ അതിർത്തി പോസ്റ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. അതിർത്തി പോസ്റ്റിൽ സൂക്ഷിച്ച സ്‌പോർട്‌സ് കാർ ആണ് സംഘം അനധികൃത രീതിയിൽ കുവൈത്തിലേക്ക് കടത്തിയത്.
സൗദി നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത് കുവൈത്ത് നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചാണ് സംഘം വാഹനം കുവൈത്തിലേക്ക് കടത്തിയത്. സൗദി നമ്പർ പ്ലേറ്റുള്ള സൗദി കാർ നിയമാനുസൃതം കുവൈത്തിൽ പ്രവേശിപ്പിക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുവൈത്ത് നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ച് അതിർത്തി പോസ്റ്റിൽ നിന്ന് സംഘം കുവൈത്തിലേക്ക് കടത്തിയത്. ട്രാഫിക് ഡയറക്ടറേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൗദി നമ്പർ പ്ലേറ്റുള്ള സ്‌പോർട്‌സ് കാർ കുവൈത്തിൽ പ്രവേശിപ്പിക്കുന്നത് അൽസാൽമി അതിർത്തി പോസ്റ്റ് അധികൃതർ തടഞ്ഞത്. ഇതോടെ കാർ അതിർത്തി പോസ്റ്റിൽ ഉപേക്ഷിച്ച് ഉടമ ഒറ്റക്ക് കുവൈത്തിൽ പ്രവേശിച്ചു.
ദിവസങ്ങൾക്കു ശേഷമാണ് ഈ കാർ അപ്രത്യക്ഷമായത് സുരക്ഷാ സൈനികരുടെ ശ്രദ്ധയിൽ പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സൗദി നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത് കുവൈത്ത് നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ച് ഒരാൾ വാഹനം കുവൈത്തിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. തുടർന്നാണ് കേസിൽ പങ്കുള്ള നാലു പേരെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.