Sorry, you need to enable JavaScript to visit this website.

ലെവിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് തൊഴിൽ മന്ത്രാലയം പഠിക്കണമെന്ന് ശൂറ

റിയാദ് - വിദേശികൾക്ക് ബാധകമാക്കിയ ലെവി സാമ്പത്തിക, സാമൂഹിക തലങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിശദമായി പഠിക്കണമെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ നടന്ന ചർച്ചക്കിടെയാണ് കൗൺസിൽ അംഗങ്ങൾ ഈയാവശ്യമുന്നയിച്ചത്. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ പോംവഴികൾ മന്ത്രാലയം തയാറാക്കണമെന്നും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ നില മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പ്രയത്‌നങ്ങൾ നടത്തണമെന്നും ഉന്നത പദവികളിൽ സൗദികളെ നിയമിക്കുന്നതിന് പിന്തുണ നൽകണമെന്നും മിനിമം വേതനം ഉയർത്തണമെന്നും ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യമുയർന്നു. മറവിരോഗം ബാധിച്ചവർക്ക് മന്ത്രാലയ സേവനങ്ങൾ ഉറപ്പുവരുത്തണമെന്നും അംഗങ്ങളിൽ ഒരാൾ ആവശ്യപ്പെട്ടു. 


തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ പോംവഴികൾ വേഗത്തിൽ തയാറാക്കണമെന്നും വിദേശികൾക്ക് ബാധകമാക്കിയ ലെവി സാമൂഹിക, സാമ്പത്തിക മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിശദമായി പഠിക്കണമെന്നും ശൂറാ കൗൺസിൽ അംഗം അസ്സാഫ് അബൂസ്‌നൈൻ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം പത്തു വർഷത്തിനുള്ളിൽ 80 ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച് പ്രഖ്യാപിക്കണമെന്ന് ഡോ. ഫഹദ് ബിൻ ജുംഅ ആവശ്യപ്പെട്ടു. തൊഴിൽ വിപണിയിൽ വേതനങ്ങൾ തമ്മിലെ അന്തരം കുറക്കുന്നത് തൊഴിലില്ലായ്മാ നിരക്ക് കുറക്കുന്നതിന് സഹായകമാകുമെന്ന് ഡോ. മുഹമ്മദ് ആലുഅബ്ബാസ് അഭിപ്രായപ്പെട്ടു. ഉന്നത തസ്തികകളിൽ സൗദിവൽക്കരണം വർധിപ്പിച്ചും മിനിമം വേതനം ഉയർത്തിയും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം കൂടുതൽ പ്രയത്‌നങ്ങൾ നടത്തണമെന്ന് ഡോ. സാമിയ ബുഖാരി ആവശ്യപ്പെട്ടു. 


സ്വകാര്യ സ്ഥാപനങ്ങളിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് ദേശീയ തന്ത്രം തയാറാക്കണമെന്നും ഇക്കാര്യം തൊഴിൽ നിയമത്തിലോ തൊഴിൽ നിയമാവലികളിലോ ഉൾപ്പെടുത്തണമെന്നും ഡോ. മുഹമ്മദ് അൽജർബാ നിർദേശിച്ചു. ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശം ഡോ. ഖാലിദ് അൽസൗദ് രാജകുമാരനാണ് മുന്നോട്ടു വെച്ചത്. സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് കോൺട്രാക്ടിംഗ്, ഓപറേഷൻസ്, മെയിന്റനൻസ് മേഖലകൾക്ക് ദുരിതം സമ്മാനിക്കുകയാണെന്ന് ഉസാമ അൽറബീഅ പറഞ്ഞു. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്ന കാര്യത്തിൽ വാണിജ്യ, സാമ്പത്തിക, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ചുക്കാൻ പിടിക്കണമെന്ന് അബ്ദുല്ല അൽസഅ്ദൂൻ നിർദേശിച്ചു. 


 

Latest News