Sorry, you need to enable JavaScript to visit this website.

ലെവി; പിൻവലിച്ചുവെന്ന് വീണ്ടും വ്യാജപ്രചാരണം

ജിദ്ദ- സൗദിയിൽ വിദേശികളുടെ കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിച്ചുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. ലെവി റദ്ദാക്കിയെന്നും ലെവിക്ക് വേണ്ടി അടച്ച തുക അതാത് എക്കൗണ്ടിൽ തന്നെ തിരിച്ചെത്തിയെന്നുമാണ് പ്രചാരണത്തിന്റെ കാതൽ. വിദേശികളെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന വാർത്തയാണിതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ലെവി നടപ്പാക്കാനുള്ള തീരുമാനം പിൻവലിച്ചതായുള്ള സന്ദേശങ്ങൾ നേരത്തെയും വ്യാപകമായ രീതിയിൽ പ്രചരിച്ചിരുന്നു. ജൂലൈ ഒന്നു മുതൽ ലെവി നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പലരും ഗൗനിച്ചിരുന്നില്ല. അവസാന നിമിഷം ലെവി എടുത്തുകളയുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച അതേദിവസം തന്നെ ലെവി പ്രാബല്യത്തിൽ വരികയും ചെയ്തു. വാട്‌സാപ്പ് വഴി ലഭിക്കുന്ന സന്ദേശം സത്യമാണോ എന്നറിയാൻ നിരവധി പേരാണ് ദിവസവും പത്രസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നത്.  ആശ്രിത ലെവി എല്ലാ രാജ്യക്കാർക്കും ഒരുപോലെ ബാധകമാണെന്നും ഒരു രാജ്യക്കാർക്കും ഇതിൽ പ്രത്യേക ഇളവില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  ഇഖാമ പുതുക്കുന്നതിനും റീ-എൻട്രി ലഭിക്കുന്നതിനും ആശ്രിത ലെവി അടക്കൽ നിർബന്ധമാണ്. കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം 2020 ഓടെ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആശ്രിത ലെവി നടപ്പാക്കുന്നത്. വിദേശ തൊഴിലാലികളുടെ സ്‌പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങൾക്കും വീട്ടുവേലക്കാർക്കും ഈ വർഷം 100 റിയാൽ വീതമാണ് ലെവി ആയി അടക്കേണ്ടത്. അടുത്ത വർഷം ജൂലൈ ഒന്നു മുതൽ ഇത് 200 റിയാലായും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. ഇതോടൊപ്പം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും അടുത്ത വർഷം മുതൽ പടിപടിയായി വർധിപ്പിക്കും.സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്കും ലെവി ബാധകമാണെന്ന് ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഖാലിദ് അൽസൈഖാൻ പറഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതർക്കാണ് ലെവി ബാധകമെന്നും ഗവൺമെന്റ് ജീവനക്കാർക്ക് ആശ്രിത ലെവി ബാധകമല്ലെന്നും ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഖാമ ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് മാത്രമാണ് ആശ്രിത ലെവി ബാധകമല്ലാത്തത്. 
ലെവി നടപ്പാക്കിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയത്. 
വിദേശ തൊഴിലാളികളുടെ ആശ്രിത ലെവി നടപ്പിലാക്കിയതോടെ റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിൽ വൻ മാന്ദ്യം അനുഭവപ്പെടുന്നതായി മലയാളം ന്യൂസിന്റെ ദമാം ലേഖകൻ ഹബീബ് ഏലംകുളം റിപ്പോർട്ട് ചെയ്യുന്നു.  താമസക്കാരെ കിട്ടാതെ കെട്ടിട ഉടമകൾ നെട്ടോട്ടമോടുകയാണ്. ഒരു വർഷത്തിനിടക്ക് കിഴക്കൻ പ്രവിശ്യയിൽ മാത്രം ആയിരക്കണക്കിന് കെട്ടിടങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കുടുംബങ്ങൾക്കും അല്ലാത്തവർക്കും  താമസ സൗകര്യങ്ങൾ ഒരുക്കി തയ്യാറായി കഴിഞ്ഞെങ്കിലും കെട്ടിടം വാങ്ങാനാളില്ല. 
നേരത്തെ പ്രഖ്യാപിച്ചിരുന്ന വിലയിൽ നിന്നും വിലക്കിഴിവ് നൽകാൻ തായാറാണെങ്കിലും താമസിക്കാൻ ആളെ കിട്ടാതെ വലയുന്ന ഉടമകൾ താമസക്കാരെ തേടി കമ്പനികൾ കയറിയിറങ്ങുകയാണ്. ഇതിനു സമാനമായ കാര്യം  തന്നെയാണ് വാണിജ്യ രംഗത്തും സംഭവിക്കുന്നത്. അവധിക്കാലമായതോടെ പല കുടുംബങ്ങളും നാട്ടിലേക്ക് പോകുന്നുണ്ടെങ്കിലും മുൻ കാലങ്ങളിലെ പോലെ സാധനങ്ങൾ വാരിക്കൂട്ടി അയക്കുന്നില്ല. ആശ്രിത ലെവി നടപ്പിലാക്കിയതിനെ തുടർന്ന് അവധിക്കു പോകാൻ തീരുമാനിച്ചവർ പോലും എക്‌സിറ്റിൽ പോയി കൊണ്ടിരിക്കുകയാണ്. ലെവിയെ കുറിച്ച് നേരത്തെ പറഞ്ഞു തുടങ്ങിയെങ്കിലും നടപ്പാകുമോ എന്ന് സംശയിച്ചിരുന്ന വിദേശികൾ തീരുമാനം നടപ്പാക്കി തുടങ്ങിയതോടെ അങ്കലാപ്പിലാവുകയായിരുന്നു. ആദ്യ വർഷത്തെ ലെവി അടച്ചു ഒരു വർഷം എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാം എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. നൂറു കണക്കിന് കുടുംബങ്ങൾ ഇതിനകം എക്‌സിറ്റ് അടിച്ചു തന്നെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ദിനംപ്രതി എക്‌സിറ്റ് അടിച്ചു വാങ്ങുന്ന കുടുംബങ്ങൾ ഏറി വരുന്നാതായി ജനറൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ സ്‌കൂളിൽ നൂറു കണക്കിന് ടി. സി. അപേക്ഷകൾ വന്നിട്ടുണ്ട്. 
റിയാദ്, ജിദ്ദ എന്നിവടങ്ങളിലെ എംബസി, സ്വകാര്യ സ്‌കൂളുകളിലും നൂറുകണക്കിന് പേർ ടി.സിക്കായി അപേക്ഷിച്ചിട്ടുണ്ട്. 


 

Latest News