Sorry, you need to enable JavaScript to visit this website.

മേക്കർ വില്ലേജ് സ്റ്റാർട്ടപ്പുകൾക്ക്  സൈന്യത്തിൽ അവസരങ്ങൾ

കൊച്ചി മേക്കർ വില്ലേജിലെ ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ് ചലഞ്ച് ഉദ്ഘാടനത്തിനെത്തിയ ദക്ഷിണ നാവിക കമാൻഡ് മേധാവി റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റാർട്ടപ് ഉൽപന്നങ്ങളുടെ പ്രദർശനം വീക്ഷിക്കുന്നു.  

കൊച്ചി - പ്രതിരോധ ഗവേഷണത്തിൽ സ്റ്റാർട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്‌സ്) പദ്ധതി പ്രകാരമുള്ള മൂന്നാമത് ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ് ചലഞ്ച് പദ്ധതിക്ക് കൊച്ചി മേക്കർ വില്ലേജിൽ തുടക്കമായി. ഐഡെക്‌സ് പങ്കാളിയാകാൻ ഒന്നര മാസം മുമ്പ് മേക്കർ വില്ലേജിന് അവസരം ലഭിച്ചതിനെത്തുടർന്ന് നടന്ന ചലഞ്ചിലൂടെ സ്റ്റാർട്ടപ്പുകൾക്ക് നേരിട്ട് സൈന്യത്തിനു വേണ്ട ഉൽപന്നങ്ങൾ നിർമിക്കാനാവും. 
ദക്ഷിണ മേഖലാ നാവിക കമാൻഡ് മേധാവി റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണി ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ വികസന കമ്മീഷണർ ഡി.വി. സ്വാമി ഇതിനൊപ്പമുള്ള ഡിഫൻസ് ഇന്ത്യ ഓപൺ ചലഞ്ചിനു തുടക്കം കുറിച്ചു. നാവിക, കര, വ്യോമ സേനാ വിഭാഗങ്ങളിൽനിന്നുള്ള 15 മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘവും  ഐഡെക്‌സിലെ സീനിയർ ഉദ്യോഗസ്ഥരുമാണ് ചലഞ്ചിൽ  പങ്കെടുത്തത്. 


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാങ്കേതിക സ്റ്റാർട്ടപ്പുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികളും പരിപാടിയിൽ പങ്കാളികളായി. ചില പ്രത്യേക സാങ്കേതിക വിദ്യകൾ പങ്കിടാൻ ഇന്ന് ലോകത്ത് ആർക്കും താൽപര്യമില്ല. ഐഡെക്‌സ് പോലെയുള്ള പരിപാടികൾ ഈ കുറവ് പരിഹരിക്കുകയും രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് റിയർ അഡ്മിറൽ നഡ്കർണി പറഞ്ഞു.
അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സൈന്യവും അച്ചടക്കത്തിന്റെ കെട്ടുപാടുകളില്ലാതെ സൃഷ്ടിപരമായ മാർഗത്തിലൂടെ പ്രവർത്തിക്കുന്ന മേക്കർ വില്ലേജും തമ്മിലുള്ള സഹകരണം സമാനതകളില്ലാത്തതാണെന്നും ഇതൊരു വലിയ ചുവടുവെപ്പാണെന്നും മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഐഡെക്‌സ് പ്രോഗ്രാം ഓഫീസർ അഖിൽ പ്രതാപ് സിംഗ് നന്ദി പറഞ്ഞു. 


സംസ്ഥാന സർക്കാറിന്റെ ഐ.ടി ഉന്നതപഠന, ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കേരള (ഐ.ഐ.ഐ.ടി.എം.കെ) യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം സംഘം പരിശോധിച്ചു. പ്രതിരോധ ഉൽപാദന രംഗത്ത് സ്റ്റാർട്ടപ്പുകൾക്ക് അവസരം നൽകുന്നതിനായി 2018 ലാണ് കേന്ദ്ര സർക്കാർ ഐഡെക്‌സിന് രൂപം നൽകിയത്. പ്രതിരോധം, എയ്‌റോസ്‌പേസ് എന്നീ മേഖലകളിലെ സാങ്കേതിക വിദ്യാ വികസനത്തിൽ ചെറുകിട ഇടത്തരം വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയെ ഉൾപ്പെടുത്തുകയാണ് ഐഡെക്‌സിന്റെ ലക്ഷ്യം. ഓരോ സേനാ വിഭാഗത്തിൽനിന്നും അവതരിപ്പിക്കപ്പെടുന്ന മൂന്നു പ്രശ്‌നങ്ങൾക്കുള്ള പരിഹാര മാർഗങ്ങളാണ്  സ്റ്റാർട്ടപ്പുകൾ നൽകേണ്ടത്.  ഇതിനൊപ്പം തന്നെ ഡിഫൻസ് ഇന്ത്യ ഓപൺ ചാലഞ്ചുമുണ്ട്. 


പ്രതിരോധ, വ്യോമയാന മേഖലകൾക്ക് പ്രയോജനപ്പെടുന്ന ഏത് ആശയവും സാങ്കേതിക വിദ്യയും ഉൽപന്നവും അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. വ്യവസായ സ്ഥാപനങ്ങൾക്കും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും സേനാ വിഭാഗങ്ങളുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷനും മേക്കർ വില്ലേജും സഹകരിച്ചാണ്  ഇതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നത്.  
ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനു പുറമെ ഐഡെക്‌സ് ഒന്നര കോടി രൂപയുടെ ഗ്രാന്റും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് നൽകുന്നുണ്ട്. ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷനാണ് ഐഡെക്‌സ് പദ്ധതിയുടെ സംഘാടകർ.  മേക്കർ വില്ലേജിലെ മൂന്നു കമ്പനികൾ ഇപ്പോൾ തന്നെ ഐഡെക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

 

Latest News