'ഒരു പേരിലെന്തിരിക്കുന്നു'വെന്ന് ഷേക്‌സ്പിയർക്കു ചോദിക്കാം. അദ്ദേഹം നാടോടി നാടക സംഘക്കാനായിരുന്നു. അതു പോലെയല്ല ഒരു 'ആണ്ടിൽ' എന്തിരിക്കുന്നുവെന്ന ചോദ്യം.
ജനങ്ങളോടൊപ്പം ഉണ്ടും ഉറങ്ങിയും ജനങ്ങളെ 'ച്യവന പ്രാശം ലേഹ്യം' പോലെ സേവിച്ചും കഴിഞ്ഞു പോരുന്ന പാർട്ടികൾക്ക് ഓരോ ആണ്ടും മാസവും തീയതിയും ജീവൽ പ്രധാനമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ശങ്ക വിടാതെ പിടികൂടിയത് 1964 മുതൽക്കാണ്. ഇന്നും തുടരുന്ന സംശയം- സംഗതി ന്യായം. പക്ഷേ പിളർപ്പു മുതൽക്കാണ് ശങ്ക മൂർധന്യത്തിലെത്തിയതെന്നു മാത്രം. പാർട്ടിയുടെ കേരള ഘടകം സ്ഥാപിച്ചത് എന്നാണ്? ചോദ്യം നല്ലൊരു പ്രോഗ്രാമാക്കിയാൽ എത്ര കമ്യൂണിസ്റ്റ് കുട്ടികൾ മറുപടി പറയുമെന്നത് കുഴയ്ക്കുന്ന മറ്റൊരു ചോദ്യമാകും. 1937 ൽ കോഴിക്കോട്ടു വെച്ച് എന്നാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ഉത്തരം. 1939 ൽ കണ്ണൂരിലെ പിണറായിയിൽ 'പാറപ്ര'ത്തു നടന്ന സമ്മേളനത്തിലെന്ന് സി.പി.ഐ. ലോക്‌സഭയിൽ ആകെ ഏഴു സീറ്റാണ് ഇരുവർക്കും ചേർന്ന് കണക്കിലുള്ളത്. എന്നാലെന്ത്? മേൽചൊന്ന അതിഭീകരമായ തർക്കം വലിയ വിസ്‌ഫോടനങ്ങൾക്കു വഴിയൊരുക്കുമെന്നാണ് നിരീക്ഷക മതം. ഈ ഒറ്റക്കാരണത്താൽ പാർട്ടികളുടെ ലയനം നടക്കാതെ പോകും. ഇത് കേരളാ കോൺഗ്രസോ ജനതാദളോ അല്ല. ഇവിടെ പിളരുന്തോറും കൊഴിയുകയാണ് പതിവ്. പി. കൃഷ്ണപിള്ളയും എൻ.സി. ശേഖറും ഇ.എം.എസും കെ. ദാമോദരനുമൊന്നും പുനർജന്മമെടുത്തു വരികയില്ല. ആത്മാവിൽ നമുക്കൊട്ടു വിശ്വാസവുമില്ല. അതാണ് ഒരു ആശ്വാസം. അഖിലേന്ത്യാ തലത്തിലുള്ള ജനന തീയതിയിലുമുണ്ട് വ്യത്യാസം. 1920 ഒക്‌ടോബർ 17 എന്ന് സി.പി.എം. 1925 ഡിസംബർ 22 എന്ന് സി.പി.ഐ. പിള്ളേരെ സ്‌കൂളിൽ ചേർക്കാൻ കൊണ്ടുചെല്ലുമ്പോൾ പണ്ടൊക്കെ അപ്പോൾ സൗകര്യപ്രദമെന്നു തോന്നുന്ന ഒരു തീയതി പിതാവോ പിതാവില്ലെങ്കിൽ അമ്മാവനോ പറയും. അതാണ് ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വരുന്നതും. അംഗീകൃത രാഷ്ട്രീയ പാർട്ടിയാകുവാൻ വേണ്ടി തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിൽ കള്ളം പറയുന്ന ഏർപ്പാടു വല്ലതും അക്കാലത്തുണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും തർക്കം ആരും കൈവിടുകയില്ല. ബൗദ്ധിക മേഖലയിൽ അനന്ത സാധ്യതകള്ളുള്ള സമകാലീനവും സാർവദേശീയവുമായ വിഷയമാണത്. ഇതിനിടയിൽ പെടുന്ന സാധാരണ തൊഴിലാളികളും നിരക്ഷര കുക്ഷികളും ജീവനും കൊണ്ട് രക്ഷപ്പെടട്ടെ; അല്ലെങ്കിൽ ചതഞ്ഞരഞ്ഞോട്ടെ! ആർക്കെന്തു ചേതം?
**** **** ****
കോൺഗ്രസും ബി.ജെ.പിയും ഒന്നു പോലെയാണെന്ന് അസൂയാലുക്കളായ കമ്യൂണിസ്റ്റുകാർ പറയുന്നതിലും ലേശം കാര്യമുണ്ട്. ഒന്നാമന് നമ്മുടെ നാട്ടിൽ ഒരു സംസ്ഥാന പ്രസിഡന്റുണ്ട്. പക്ഷേ താഴോട്ട് ഒരു കമ്മിറ്റിയുമില്ല. കൈകാലുകളില്ലാത്ത അവസ്ഥ. അപരന്റെ കാര്യമോ? നിറയെ കുത്തിപ്പിളർന്ന് മേലോട്ടു വളരാൻ വെമ്പുന്ന 'പുര നിറഞ്ഞു നിൽക്കുന്ന' നേതാക്കൾ. പക്ഷേ പ്രസിഡന്റില്ല. സ്ഥലം ശൂന്യം. വീക്ഷണം പത്രം ദിനപ്രതി അച്ചടിക്കുന്നുണ്ട്. പക്ഷേ കണ്ടിട്ടോ, വായിച്ചിട്ടോ ഉള്ള കോൺഗ്രസുകാർ സംസ്ഥാനത്ത് ഇല്ല. രണ്ടാമന്റെ പത്രം വായിച്ചിട്ടുള്ളവർ പുരാണ പാരായണത്തിലേക്കാണ് തിരിയുന്നത്. ഇരു പാർട്ടികൾക്കും മാധ്യമങ്ങൾ പ്രശ്‌നമല്ലെന്നു സാരം. 'എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം' എന്നു പറഞ്ഞ മട്ടിൽ ഇരുവരും കഴിഞ്ഞു പോരുന്നു. പക്ഷേ, കേന്ദ്ര ഭരണം അപ്പാടെ ഉരുളയാക്കി വിഴുങ്ങിയിരിക്കുന്ന ബി.ജെ.പിക്ക് 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' ഒരു പ്രസിഡന്റില്ല എന്നത് കുറവു തന്നെ. ഏറ്റവുമൊടുവിൽ കെ. സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയുമാണ് ചിലർ വാൾ പോസ്റ്റർ പോലെ പൊക്കിക്കാട്ടുന്നത്. ഫഌക്‌സ് നിരോധിച്ചതു കൊണ്ടാകാം! പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ അവർ തമ്മിൽ ബന്ധുക്കളൊന്നുമല്ല; കടലും കടലാടിയും തമ്മിൽ ബന്ധമില്ലാത്തതു പോലെ തന്നെ. ഒരേ സമുദായക്കാരാണ്. അതിനാൽ തന്നെ, പ്രസിഡന്റ് ആരായാലും ലെനിന്റെ 'ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്' എന്ന പ്രയോഗം നാട്ടുകാർക്ക് കാണാം. വെള്ളാപ്പള്ളി കനിഞ്ഞാൽ കുറച്ചു വോട്ട് കിട്ടിയെന്നു വരാം. കാത്തിരുന്നു കാണാം!
**** **** ****
'മോൻ ചത്താലും വേണ്ടില്ല, മരുമോളുടെ താലിയറ്റു കാണണം' എന്നു പറഞ്ഞതു പോലെയാണ് കേന്ദ്ര ഭരണ കക്ഷിയുടെ കേരള ഘടകം. സെക്രട്ടറി കുറച്ചുനാൾ മുമ്പ് അടൂർ ഗോപാലകൃഷ്ണനെ ചാടിപ്പിടിച്ചു. 'പാറയിൽ കടിച്ചു പല്ലു' പോയതും മിച്ചം. ഇപ്പോൾ ശേഷിക്കുന്ന പല്ലുകൾ പൗരത്വ രജിസ്റ്ററിന്റെ സേവനത്തിനായി ഉഴിഞ്ഞു വെച്ചിരിക്കുകയാണ്. ദില്ലി പറയുന്നത് അനുസരിച്ചില്ലെങ്കിൽ റേഷൻ അരിയും ഗോതമ്പും കിട്ടാതെയാകും എന്നതാണ് ഒരു മഹദ് വചനം. രണ്ടാമത്തേത് പഴയ ടൂറിസം പരിപാടിയുടെ പുനഃപ്രക്ഷേപണമാണ്- അനുസരിക്കാൻ കഴിയാത്തവർക്ക് പാക്കിസ്ഥാനിലേക്കു പോകാം. രണ്ടു കാര്യങ്ങൾ വ്യക്തം- ഒന്ന് അയൽരാജ്യത്തെ ടൂറിസം വികസനത്തെ പ്രൊമോട്ടു ചെയ്യാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തിരിക്കുന്നു. വക്കീൽ പണിയിൽനിന്നും കിട്ടാത്തത് 'സ്‌പോൺസർഷിപ്പിൽ' നിന്നു കിട്ടും. പട്ടിണി ഒഴിവാക്കാം. രണ്ട്- കേരളത്തിൽ ജനസംഖ്യ കുറഞ്ഞാലേ നമ്മുടെ പാർട്ടിക്ക് പ്രതീക്ഷക്കു വകയുള്ളൂ. നാടു കത്തിയാലെന്ത്, കഞ്ഞികുടി മുട്ടിയാലെന്ത്? പക്ഷേ, ഗോപാലകൃഷ്ണന് സർ സി.പി എന്ന ദിവാനെക്കുറിച്ചറിയില്ല. ദിവാൻജി പോലീസും പട്ടാളവുമൊക്കെ കളിച്ചിട്ടും തിരുവിതാംകൂറിൽ സ്വാതന്ത്ര്യ സമരത്തെ ഒതുക്കാൻ കഴിഞ്ഞില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കെടുതികൾ വേറെയും. 'മരച്ചീനിയും മീനും' കിട്ടുന്ന കാലത്തോളം ജനങ്ങളെ തോൽപിക്കാൻ കഴിയില്ല എന്ന സൂക്തമാണ് അദ്ദേഹത്തിന്റെ നാവിൽനിന്നു പുറത്തു ചാടിയത്. കേന്ദ്രം എത്ര ചാടിയാലും കേരളത്തിലെ ബി.ജെ.പി 'വറ ചട്ടിയിൽനിന്നും എരിതീ'യിലേക്കു വീഴുകയല്ലാതെ മറ്റൊന്നും നടക്കുകയില്ല. ഗോപാലകൃഷ്ണന്മാർക്കും സന്ദീപ് വാര്യന്മാർക്കും എന്തു വേണമെങ്കിലും സ്വപ്‌നം കാണാം. സ്വപ്‌നത്തിന് ഇതുവരെ ആദായ നികുതി ഏർപ്പെടുത്തിയിട്ടില്ല. ജി.എസ്.ടിയുമില്ല. നാളെ അതും സംഭവിക്കുന്നതു വരെ മുന്നോട്ട്!
**** **** ****
ശനിയാഴ്ച കോൺഗ്രസിന്റെ പതാക ദിനമായിരുന്നു. അപ്രതീക്ഷിതമായി ഏതോ വെളിപാടുണ്ടായതു പോലെ സംഗതി ഗ്രഹിച്ച മുല്ലപ്പള്ളി വടകരയിൽനിന്നും എം.പിയായ ഉണ്ണിത്താൻ കാസർകോട്ടുനിന്നും വായുവേഗത്തിൽ പാഞ്ഞു തിരുവനന്തപുരത്ത് വെള്ളയമ്പലത്തെത്തി. മൊബൈൽ ഫോൺ കണ്ടുപിടിച്ച മാർട്ടിൻ കൂപ്പറെ സ്മരിച്ചു നന്ദി രേഖപ്പെടുത്തി. സേവാദളക്കാരെ മൊത്തം വിളിച്ചു. തങ്ങൾ വോളന്റിയന്മാരാണെന്നു പലരും അദ്ഭുതത്തോടെ തിരിച്ചറിഞ്ഞ് ഇന്ദിരാ ഭവനിലെത്തി 'അറ്റൻഷ' നടിച്ചു. മൂവർണ പാതക തിരിച്ചും മറിച്ചും നോക്കി. ഏതാണ് മുകളിൽ? ഒരെത്തും പിടിയുമില്ല. കിട്ടിയേടത്തു വെച്ചു കെട്ടി. പതാക ഉയരുന്നില്ല. കെട്ട് എവിടെയോ ഉടക്കിനിന്നു. എത്ര പ്രതീകാമത്മകം!
ഭാരവാഹി പട്ടികയുടെ ഗതി തന്നെ. അത് ദില്ലി - തിരുവനന്തപുരം റൂട്ടിൽ എവിടെയോ ഉടക്കിക്കിടപ്പാണ്.
നാക്കിനു നാൽപതു അംഗുലം നീളമുള്ള ഉണ്ണിത്താൻജി തന്റെ നിഘണ്ടുവിലുള്ള എല്ലാ പദപ്രയോഗങ്ങളും കൊണ്ട് സേവാദളക്കാരെ കുളിപ്പിച്ചു. ങേ ഹേ! പ്രതികരണമില്ല. കരണത്തുതൊട്ടു തലോടി നോക്കി. ചലനം നഹി! ഉണ്ണിത്താൻജിയും മുല്ലപ്പള്ളിജിയും ഒറ്റക്കും കൂട്ടായും നിന്ന നിലയിൽ തന്നെ ആലോചിച്ചു. പിടികിട്ടി. സേവാദൾ മൃതപ്രായമാണ്. അവിടെ വെയിലും മഴയും പാർട്ടി പാതകയും ഒന്നും ഏശുകില്ല. പൂർവ ചരിത്രത്തിൽ തപ്പിനോക്കി. കാര്യത്തിന് വ്യക്തത കൈവന്നു: കെ. കരുണാകരൻ മുഖ്യമന്ത്രിയായ കാലത്തു സംഭവിച്ചതാണ്. മകൻ കൊച്ചന് പാർട്ടിയിൽ ഒന്നു വളരണം. ഉയർത്താൻ വേണ്ടത് ഏതെങ്കിലും ഒരു നേതൃകസേര. അങ്ങനെ സംസ്ഥാന സേവാദൾ വോളണ്ടിയർ കപ്പിത്താനായിരുന്ന ആലപ്പുഴക്കാരൻ സി.വി. വിജയനെ വിരൽ ചൂണ്ടി രാജിവെപ്പിച്ചു. പുത്രന്റെ സ്ഥാനാരോഹണം കെങ്കേമമായി നടന്നു. പിന്നീട് ഇന്നേവരെ സേവാദളും ഗതി പിടിച്ചതായോ, സൂര്യപ്രകാശം ഏറ്റതായോ ചരിത്രത്തിലില്ല.