ഫ്രിഡ്ജിനും ടിവിക്കും തീപ്പിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒരു വീട്ടിലെ ആറു പേര്‍ മരിച്ചു

ന്യൂദല്‍ഹി- ഗാസിയാബാദില്‍ വീട്ടുപകരണങ്ങള്‍ക്ക് തീപിടിച്ചുണ്ടായ പുകയില്‍ ശ്വാസംമുട്ടി അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഉത്തരാഞ്ചല്‍ വിഹാര്‍ കോളനിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. കുടുംബത്തിലെ മറ്റുള്ളവര്‍ മീറത്തില്‍ ഒരു വിവാഹത്തിന് പോയതായിരുന്നു. അഞ്ചു വയസ്സിനും 12നുമിടയില്‍ പ്രായമുള്ള കുട്ടികളും 40 വയസ്സുള്ള യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഒരു മുറിയിലാണ് കിടന്നിരുന്നത്. കൊടുംതണുപ്പ് കാരണം മുറി പൂട്ടുകയും ചെയ്തിരുന്നു. വൈദ്യുതി തകരാര്‍ കാരണം ടിവിക്കും റെഫ്രിഡറേറ്ററിനും തീപ്പിടിച്ചാണ് അപകടം. പുക പടര്‍ന്ന് മുറിയില്‍ നിറഞ്ഞത് ഉറങ്ങുകയായിരുന്ന ഇവര്‍ അറിഞ്ഞില്ല. പുക ശ്വസിച്ചാണ് ആറും പേരും മരിച്ചത്. ചെറിയ തോതില്‍ പൊള്ളലുമേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്നതിന് കുട്ടികള്‍ പുറത്തു വരാതായതോടെ അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ദുരന്തം പുറത്തറിഞ്ഞത്. അപകടം നടന്ന മൂന്ന് നില കെട്ടിടത്തില്‍ താമസിക്കുന്നത് മീറത്ത് സ്വദേശികളായ സഹോദരങ്ങളും അവരുടെ കുടുംബവുമാണ്.

Latest News