പിടികൂടിയവരില്‍ മൂന്ന് കശ്മീരി പ്രതിനിധികള്‍; കേരള പോലീസിന്റെ നടപടിയില്‍ പന്തികേടെന്ന് ഇര്‍ഫാന്‍ ഹബീബ്

കോഴിക്കോട്- കണ്ണൂരില്‍ നടക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉല്‍ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കേരള പോലീസ് കൈകൊണ്ട നടപടികളില്‍ പന്തികേടുണ്ടെന്ന് ചരിത്ര പണ്ഡിതനും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റും വൈസ് പ്രസിന്റുമായ ഇര്‍ഫാന്‍ ഹബീബ്. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിപാടിക്ക് സര്‍ക്കാര്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഈ ഇന്റലിജന്‍സ് റിപോര്‍ട്ട് എവിടെ നിന്നാണെന്ന് അദ്ദേഹം ചോദിച്ചു. പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ മൂന്ന് പേര്‍ കശ്മീരില്‍ നിന്നുള്ള പ്രതിനിധികളാണ്. കശ്മീര്‍ പോലീസുമായി ചേര്‍ന്നാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എവിടെയോ പിഴവുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് മാതൃഭൂമിയോട് പറഞ്ഞു. ഈ ഇന്റലിജന്‍സ് വിവരം ഏതെങ്കിലും കേന്ദ്ര ഏജന്‍സിയില്‍ നി്ന്നാണോ? അതോ പൗരത്വ പ്രക്ഷോഭത്തില്‍ 18 പേരെ കൊലപ്പെടുത്തിയ യുപി പോലീസില്‍ നിന്നാണ്. കേരള സര്‍ക്കാരാണ് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉല്‍ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ ചരിത്രത്തെ വളച്ചൊടിച്ചതിനെതിരെ സമ്മേളന പ്രതിനിധികളും ഇര്‍ഫാന്‍ ഹബീബും പ്രതിഷേധിച്ചിരുന്നു. സദസ്സില്‍ നിന്ന് പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്. പൗരത്വ നിയമത്തെ കുറിച്ച് ആദ്യം പ്രസംഗിച്ചത് സിപിഎം എംപിയാണ്. അദ്ദേഹത്തെ ചരിത്ര കോണ്‍ഗ്രസ് ക്ഷണിച്ചതല്ല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്ഷണിച്ചതാണ്. താനുള്‍പ്പെടെയുള്ളവര്‍ ഇന്റര്‍നെറ്റ് വിലക്കിനേയും കശ്മീരിലെ അടിച്ചമര്‍ത്തലുകളെ കുറിച്ചുമാണ് സംസാരിച്ചത്. പൗരത്വ നിയമഭേദഗതിയെ കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് നിലപാടുകള്‍ വ്യക്തമാക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ ചരിത്ര കോണ്‍ഗ്രസില്‍ അദ്ദേഹത്തെ ക്ഷണിച്ചത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു സംസാരിക്കാനല്ല. ചരിത്ര പഠനവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ രാഷ്ട്രീയ ചായ്‌വോടുകൂടി പൗരത്വ നിയമത്തെ കുറിച്ച് പറയാനാണ് അദ്ദേഹം തുനിഞ്ഞത്. അതിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കുന്നു. 


 

Latest News