Sorry, you need to enable JavaScript to visit this website.

കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധം: വെൽഫെയർ പാർട്ടി നേതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം - പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. മലപ്പുറത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ച പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉൾപ്പെടെ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്,  ജനറൽ സെക്രട്ടറി ഗണേഷ് വടേരി എന്നിവരും അറസ്റ്റിലായി.

കണ്ണൂരിൽ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ച വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ കരിവെള്ളൂർ ഉൾപ്പെടെ 15 ഓളം പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ട് ജില്ലാ നേതാക്കളുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരേയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

തിരുവനന്തപുരം ജനറൽ പോസ്‌റ്റോഫീസ് ഉപരോധ സമരം സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദും പാലക്കാട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയും കോട്ടയം ഹെഡ് പോസ്‌റ്റോഫീസ് ഉപരോധം സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീമും ഉദ്ഘാടനം ചെയ്തു.

Latest News