Sorry, you need to enable JavaScript to visit this website.

സമരങ്ങള്‍ പുല്ലാണ്; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മോഡിയുടെ ഹാഷ്ടാഗ് പ്രചാരണം

ന്യൂദല്‍ഹി- ഇന്ത്യയിലൂടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമായി തുടരുമ്പോള്‍ പൗരന്മാരുടെ ആശങ്കയകറ്റുന്നതിനു പകരം വിവാദ നിയമത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സോഷ്യല്‍ മീഡിയാ പ്രചാരണം. #IndiaSupportsCAA എന്ന ഹാഷ്ടാഗിന് പരമാവധി പ്രചാരണം നല്‍കാനാണ് ട്വിറ്ററിലൂടെ മോഡി ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ വെള്ളപൂശി ന്യായീകരിക്കുന്ന വിഡിയോകളും കണ്ടന്റുകളും ഗ്രാഫിക്‌സുമെല്ലാം നമോ ആപ്പിലുണ്ട്. ഇതൊക്കെ ഷെയര്‍ ചെയ്ത് വിവാദ നിയമത്തെ പിന്തുണയ്ക്കൂ എന്നാണ് മോഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിയമം പീഡിതരായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ളതാണെന്നും ആരുടേയും പൗരത്വ എടുത്തുകളയാനല്ലെന്നും ട്വീറ്റില്‍ മോഡി പറഞ്ഞു പോകുന്നുണ്ട്.

മോഡിയുടെ തന്നെ മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആള്‍ദൈവ പരിവേഷമുള്ള വിവാദ ആത്മീയ നേതാവ് ജഗ്ഗി വസുദേവിന്റെ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുള്ള ഒരു പ്രസംഗത്തിന്റെ വിഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. നമ്മുടെ സാഹോദര്യ സംസ്‌ക്കാരവും അതിന്റെ ചരിത്ര പശ്ചാത്തലവും അദ്ദേഹം ഗംഭീരമായി വിശദീകരിക്കുന്നു.  എന്ന കുറിപ്പിനൊപ്പമാണ് മോഡി വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരായി രണ്ടാഴ്ചയിലേറെയായി രാജ്യത്ത് വ്യാപകമായി മതേതര വിശ്വാസികള്‍ മതമഭേദമന്യേ സമരവുമായി തെരുവില്‍ തുടരുമ്പോഴും വ്യക്തമായ ഒരു മറുപടിയും നല്‍കാതെയാണ് മോഡി സോഷ്യല്‍ മീഡിയാ പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടും മോഡി സര്‍ക്കാര്‍ അനക്കമില്ലാതെ നിയമം നടപ്പിലാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ്.  


 

Latest News