ഇസ്ലാമാബാദ്- ജമ്മു കശ്മീരിലെ അവസ്ഥ ചർച്ച ചെയ്യാൻ സൗദി അറേബ്യ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കോപ്പറേഷന്റെ(ഒ.ഐ.സി)പ്രത്യേക യോഗം വിളിക്കുന്നു. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആലുസൗദ് രാജകുമാരൻ പാക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് ഇക്കാര്യം തീരുമാനിച്ചത്. പാക് വിദേശമന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഫൈസൽ ബിൻ ഫർഹാൻ ആലുസൗദ് രാജകുമാരൻ പാക്കിസ്ഥാനിൽ ഏകദിന സന്ദർശനം നടത്തിയിരുന്നു. ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക.
പാക് വിദേശമന്ത്രിയാണ് കശ്മീരിലെയും ഇന്ത്യയിലെയും സ്ഥിതിഗതികൾ ഫൈസൽ ബിൻ ഫർഹാൻ ആലുസൗദ് രാജകുമാരന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതലുള്ള കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് ഇന്ത്യയെടുത്ത നിലപാടും സംസാരിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.






