പൗരത്വ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരം പൗരത്വ പട്ടികയ്ക്കു വേണ്ടി ഉപയോഗിച്ചേക്കാമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ക്കിടയാക്കിയ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) ദേശവ്യാപകമായി നടപ്പിലാക്കുന്നത് എല്ലാം സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചും ശരിയായ നിയമ നടപടികളിലൂടെയും മാത്രമായിരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്. ദേശീയ പൗരത്വ രജിസ്റ്ററിനായി (എന്‍പിആര്‍) നല്‍കുന്ന വിവരങ്ങള്‍ 'ചിലത്' ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഞായറാഴ്ചപ്പതിപ്പായ സണ്‍ഡേ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി സഖ്യം ഭരിക്കുന്നതടക്കമുള്ള പല സംസ്ഥാനങ്ങളും ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ലെന്ന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്. കേരളവും ബംഗാളും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്‍ആര്‍സി സംബന്ധിച്ച് രഹസ്യങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു. അസമില്‍ നടപ്പിലാക്കിയ എന്‍ആര്‍സി സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് രവി ശങ്കര്‍ പ്രസാദും ആവര്‍ത്തിച്ചു. പൗരത്വ രജിസ്റ്റര്‍ പൗരത്വ പട്ടികയുടെ ഒരു ഭാഗമായിരിക്കുമെന്ന് 2010ല്‍ മന്ത്രിയായിരുന്ന പി ചിദംബരമാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News