ചർച്ചിൽ മഗ്‌രിബ് നമസ്‌കാരം, സൗഹാർദ്ദ കാഴ്ചകളുമായി പൗരത്വപ്രതിഷേധ റാലി

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ലോകം കാത്തുവെക്കുന്ന ഒട്ടേറെ സൗഹൃദനിമിഷങ്ങൾ കൂടി സമ്മാനിച്ചാണ് മുന്നോട്ടുപോകുന്നത്. വിവിധയിടങ്ങളിൽ മനുഷ്യർ തമ്മിൽ സൗഹാർദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കഥകളിലൂടെയാണ് കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധം മുന്നോട്ടുനീങ്ങുന്നത്. അത്തരം ഒരു നിമിഷം ഇന്നുമുണ്ടായി. അഖിലേന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ മുതൽ കോതമംഗലം വരെ നടത്തിയ മാർച്ചിൽ പങ്കെടുത്ത ആയിരകണക്കിന് മുസ്്‌ലിം വിശ്വാസികൾക്ക് നമസ്‌കരിക്കാൻ സൗകര്യം ഒരുക്കിയത് ക്രിസ്ത്യൻ പള്ളി അങ്കണണത്തിൽ. കോതമംഗലം മാർത്തോമ ചെറിയ പള്ളി അങ്കണത്തിൽ നടന്ന മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം നൽകിയത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. 


മൂവാറ്റുപുഴയിൽ നിന്നും തുടങ്ങി പത്ത് കിലോമീറ്റർ പിന്നിട്ട് കോതമംഗലത്തെത്തിയപ്പോഴായിരുന്നു നമസ്‌കാര സമയമായത്.  അവിടെ എത്തിയപ്പോൾ മണിനാദവും ബാങ്ക് വിളിയും ഒരുമിച്ചാണെതിരേറ്റത്. കോതമംഗലം മാർത്തോമ ചെറിയ പളളിയിലായിരുന്നു നമസ്‌ക്കാര സൗകര്യമൊരുക്കിയിരുന്നത്. മുനവ്വറലി തങ്ങളുടെ കൈകളിലേക്ക് അവിടുത്തെ ഫാദർ  അംഗശുദ്ധി വരുത്താൻ വെള്ളം ഒഴിച്ചുകൊടുത്തു.  വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയ യുവജന നേതാക്കളാണ് റാലിക്കും സമ്മേളനത്തിനുമായി എത്തിയിരുന്നത്. മുനവ്വറലി തങ്ങളടക്കം നിരവധി പേർ ഇക്കാര്യം ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തു.

Latest News