റിയാദ്- ചില പ്രൊഫഷനുകളിൽ പ്രഖ്യാപിച്ച സൗദിവൽക്കരണം പിൻവലിച്ചതായി സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തൊഴിൽ സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അൽഖൈൽ നിഷേധിച്ചു. സൗദികൾക്ക് തൊഴിലവസരം ലഭിക്കുന്നതിന് നിലവിൽ നടപ്പാക്കിയ പദ്ധതികൾ തുടരും. വാർത്തകൾ യഥാർഥ സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൊതുവ്യവസ്ഥകളെ ബാധിക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ അഞ്ചു വർഷം വരെ തടവും മുപ്പത് ലക്ഷം റിയാൽ പിഴയുമാണെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചാരണം മുറുകിയ സഹചര്യത്തിലാണ് വിശദീകരണം.