Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം:  മുരളിനാരായണന് ഗിന്നസ് റെക്കോർഡ്

മന്ത്രി സി. രവീന്ദ്രനാഥ് മുരളി നാരായണനെ പൊന്നാടയണിയിച്ച്  ആദരിച്ചപ്പോൾ. 

തൃശൂർ- 108 മണിക്കൂർ തുടർച്ചയായ പുല്ലാങ്കുഴൽ വാദനത്തിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് തൃശൂർ തളിക്കുളം സ്വദേശി മുരളി നാരായണന്റെ സംഗീതമഹായാനം ഇന്നലെ രാവിലെ ഏഴരയ്ക്ക് പൂർണമായി.
തിങ്കളാഴ്ച രാത്രി 7.30ന് ആരംഭിച്ച പുല്ലാങ്കുഴൽ വായന ഇന്നലെ രാവിലെ 7.30ന് 108 മണിക്കൂർ പൂർത്തിയാക്കുമ്പോൾ ആയിരത്തിലധികം ഗാനങ്ങൾ വിവിധ വിഭാഗങ്ങളിലായി മുരളിയുടെ വൈവിധ്യമാർന്ന പുല്ലാങ്കുഴലുകളിൽ നിന്ന് പെയ്തിറങ്ങി. പുതിയ ഗിന്നസ് റെക്കോർഡ് പിറക്കുന്നതിന് സാക്ഷ്യം വഹിക്കാൻ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിലെ വേദിയിൽ വൻതിരക്കാണ് ഇന്നലെ രാവിലെ അനുഭവപ്പെട്ടത്.
മന്ത്രി സി. രവീന്ദ്രനാഥ് അടക്കമുള്ളവർ മുരളിയുടെ ഗിന്നസ് പ്രകടനം കാണാൻ രാവിലെ എത്തിയിരുന്നു. വേദിയിൽ മന്ത്രിയേയും അമ്മ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളേയും സാക്ഷിനിർത്തി മുരളിനാരായണൻ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം പൂർത്തിയാക്കുമ്പോൾ കരഘോഷം നിറഞ്ഞു.


ഗിന്നസ് റെക്കോർഡ് അധികൃതർക്ക് പരിപാടിയുടെ എഡിറ്റു ചെയ്യാത്ത മുഴുവൻ വീഡിയോ ദൃശ്യങ്ങളും അയച്ചു കൊടുക്കും.
മുരളി നേരത്തെ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ളതിനാൽ ഇത്തവണ മുരളിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ ഗിന്നസ് അധികൃതർ വരേണ്ട ആവശ്യമില്ലായിരുന്നു.
ഇന്നലെ രാവിലെ വടക്കുന്നാഥ ക്ഷേത്ര ദർശനത്തിനെത്തിയവരും രാവിലെ തേക്കിൻകാട്ടിൽ മോണിംഗ് വാക്കിനെത്തിയവരും സംഗീതാസ്വാദകരും മുരളിയുടെ സുഹൃത്തുക്കളുമെല്ലാമടങ്ങുന്ന വൻ ജനക്കൂട്ടം തന്നെ മുരളിയുടെ ക്ലൈമാക്‌സ് പ്രകടനത്തെ ആവോളം പ്രോത്സാഹിപ്പിക്കാനെത്തിയപ്പോൾ സംഘാടകർ പോലും തിരക്ക് കണ്ട് അമ്പരന്നു.
27 മണിക്കൂർ 32 മിനിറ്റ് നേരം തുടർച്ചയായി പുല്ലാങ്കുഴൽ വാദനം നടത്തിയ യുകെ സ്വദേശിനി കാതറിൻ ബ്രൂക്കിന്റെ റെക്കോർഡ് മുരളി ബുധനാഴ്ച തന്നെ ഭേദിച്ച് പുതിയ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു.  മാനവസൗഹാർദ്ദത്തിനും ലോകസമാധാനത്തിനും വേണ്ടി എന്ന ഓർമപ്പെടുത്തലോടെയാണ് മുരളീനാരായണൻ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം നടത്തിയത്.
ഒരു മണിക്കൂറിൽ പന്ത്രണ്ടോളം ഗാനങ്ങളാണ് പുല്ലാങ്കുഴലിൽ വായിച്ചത്. ഇതിൽ സിനിമാഗാനങ്ങളും കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യസംഗീതവും നാടോടി ഗാനവുമെല്ലാം ഉണ്ടായിരുന്നു. ഓരോ ഗണത്തിൽ പെട്ട പാട്ടുകളും വായിക്കുന്നത് വ്യത്യസ്തങ്ങളായ പുല്ലാങ്കുഴലുകൾ ഉപയോഗിച്ചായിരുന്നു. 


ഒരു മണിക്കൂർ പിന്നിടുമ്പോൾ അഞ്ചു മിനിറ്റ് ഇടവേളയെടുക്കാമെന്നതാണ് ഗിന്നസ് ചട്ടം. മൂന്നുമണിക്കൂറും രണ്ടു മണിക്കൂറും തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഒരുമിച്ച് പത്തും പതിനഞ്ചും മിനിറ്റ് ഇടവേളയെടുത്താണ് മുരളിനാരായണൻ ഗിന്നസ് റെക്കോർഡിലേക്ക് നീങ്ങിയത്. അവസാന ദിവസങ്ങളിൽ ഒരു മണിക്കൂർ വാദനവും അഞ്ചു മിനിറ്റ് ഇടവേളയുമായി സമയം ക്രമീകരിച്ചു. 
കഞ്ഞി മാത്രമാണ് മുരളിനാരായണൻ ഇടവേളകളിൽ പ്രധാനമായും കഴിച്ചത്. നേരിയ ക്ഷീണം തോന്നിയപ്പോൾ ഒ.ആർ.എസ് ലായനിയും നൽകി.  ആരോഗ്യനില പരിശോധിക്കുന്നതിന് ഡോക്ടർമാരും തെക്കേഗോപുരനടയിലെ വേദിക്കരികിൽ മുഴുവൻ സമയവും ക്യാമ്പു ചെയ്തിരുന്നു. ക്ഷീണം തോന്നാതിരിക്കാൻ കരിക്കിൻ വെള്ളവും തേൻവെള്ളവും ഇടയ്ക്ക് നൽകി. ഔഷധിയിൽ നിന്നുള്ള ആയുർവേദ ഡോക്ടർമാരാണ് മുരളിയുടെ ആരോഗ്യനില പരിശോധിക്കാനുണ്ടായിരുന്നത്. 
 ആറു കാമറകളിലായാണ് 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം ഷൂട്ട് ചെയ്തത്. രണ്ടു ഡിജിറ്റൽ ക്ലോക്കുകളിലേക്ക് പ്രത്യേകമായി കാമറ ഫോക്കസ് ചെയ്തിരുന്നു. റെക്കോർഡ് ചെയ്ത വീഡിയോ എഡിറ്റു ചെയ്യാതെയാണ് ലണ്ടനിലെ ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുക്കുക. ഇവർ ഇത് പരിശോധിച്ച ശേഷമായിരിക്കും ഗിന്നസ് പ്രഖ്യാപനം. ഇതിന് സമയമെടുക്കും. 
തബലയിലും കീബോർഡിലും മറ്റുമായി പക്കമേളവും മുരളിയുടെ പ്രകടനത്തിന് അകമ്പടിയായി ഉണ്ടായിരുന്നു. 
27 മണിക്കൂർ 10 മിനിറ്റ് 45 സെക്കന്റ് തുടർച്ചയായി പുല്ലാങ്കുഴൽ വാദനം നടത്തിയാണ് മുരളീ നാരായണൻ നേരത്തെ ഗിന്നസ് റെക്കോർഡ് നേടിയത്. പിന്നീട് ഈ റെക്കോർഡ് യുകെ സ്വദേശിനി കാതറിൻ ബ്രൂക്ക്  27 മണിക്കൂർ 32 മിനിറ്റ് പൂർത്തിയാക്കി ഭേദിച്ചിരുന്നു. 


108 മണിക്കൂർ പുല്ലാങ്കുഴൽ കച്ചേരിക്ക് തയ്യാറെടുക്കുമ്പോൾ മുരളീനാരായണൻ ആദ്യം ശീലിച്ചത് ഉറക്കത്തെ അകറ്റി നിർത്താനായിരുന്നു. യോഗയിലൂടെയും ധ്യാനത്തിലൂടെയും ഉറക്കത്തെ ആറു ദിവസം വരെ അകറ്റി നിർത്താൻ ശീലിച്ചു. കഴിഞ്ഞ ആറുമാസമായി പുതിയ റെക്കോർഡിനായുള്ള തീവ്രപരിശ്രമത്തിലായിരുന്നു മുരളി. 
2017 നവംബറിൽ തളിക്കുളത്ത് വെച്ചാണ് മുരളീനാരായണൻ ആദ്യ റെക്കോർഡ് നേടിയത്. 
നാഗസ്വര വിദ്വാനായ നാരായണന്റെ മകനാണ് മുരളി. മണപ്പുറം പൊന്നൻ, കലാമണ്ഡലം വാസുദേവപണിക്കർ എന്നിവരാണ് ഗുരുക്കൻമാർ. 
മുരളിയുടെ അപൂർവ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ നിറകണ്ണുകളും മനംനിറഞ്ഞ പ്രാർത്ഥനകളുമായി അമ്മ തങ്കമ്മ, മുരളിയുടെ ഭാര്യ ശെൽവം, മക്കളായ ഭവപ്രിയ, ദേവപ്രിയ, ശിവപ്രിയ എന്നിവരും വേദിയിൽ സന്തോഷാശ്രുക്കളോടെ ഉണ്ടായിരുന്നു.


മുരളി പുല്ലാങ്കുഴൽ വായന 108 മണിക്കൂർ തികച്ചതോടെ അമ്മയുടെ കണ്ണിൽ നിന്നും സന്തോഷക്കണ്ണീരൊഴുകി. മകനെ കെട്ടിപ്പിടിച്ചും തലോടിയും ഉമ്മ നൽകിയും മാറോടു ചേർത്തും അമ്മ സന്തോഷം പങ്കിട്ടു.
 108 മണിക്കൂർ തികച്ച മുരളിയെ പൊന്നാടയണിയിച്ച് ആദരിച്ച ശേഷം മന്ത്രി 108 മണിക്കൂർ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും നടത്തി. 
തുടർന്ന് സംഘാടകരുടെ അഭ്യർത്ഥന പ്രകാരം മന്ത്രി മോഹവീണതൻ തന്ത്രിയിലൊരു രാഗം കൂടി ഉണർന്നെങ്കിൽ....എന്ന ഗാനം ആലപിച്ചപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ് ആ ഗാനത്തെ വരവേറ്റത്.
ഇതെന്റെ വിജയമല്ലെന്നും സംഗീതത്തിന്റെ വിജയമാണെന്നും മുരളിനാരായണൻ മറുപടി പറഞ്ഞു. ഇത് ഭൂമിയിലെ സർവ ചരാചരങ്ങളുടേയും വിജയമാണ്...എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി ഈ 108 മണിക്കൂറും സംഘർഷങ്ങളുടേയും സമ്മർദ്ദങ്ങളുടേയും പിടിയിൽ പെട്ട സംഘാടകരുടെ വിജയമാണ്  108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം നടത്തി ഗിന്നസ് റെക്കോർഡിട്ട മുരളി നാരായണന്റെ വാക്കുകൾ സദസ് നിറഞ്ഞ കയ്യടികളോടെയാണ് ഏറ്റെടുത്തത്. 




 

Latest News