മരം വിറ്റ പണം നല്‍കിയില്ല; വൃദ്ധനായ അച്ഛനെ മകന്‍ ചുട്ടുകൊന്നു

കൊല്‍ക്കത്ത- മരങ്ങള്‍ മുറിച്ചു വിറ്റ് വകയില്‍ ലഭിച്ച പണത്തില്‍ നിന്ന് വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ 70-കാരനായ അ്ച്ഛനെ പെട്രോളൊഴിച്ച് തീയിട്ടു കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ റബന്‍ബര്‍ ഗ്രാമത്തിലാണു സംഭവം. വൃദ്ധനായ ബൈദ്യനാഥ് ബിസ്വാസിന് മരങ്ങള്‍ വിറ്റ വകയില്‍ 90,000 രൂപ ലഭിച്ചിരുന്നു. മകന്‍ അബോധ് ബിസ്വാസ് ഇതില്‍ നിന്നും ഒരു വിഹിതം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാന്‍ അച്ഛന്‍ തയാറായിരുന്നില്ല.

ഈ പക തീര്‍ക്കാനാണ് അബോധ് ഉറങ്ങുകയായിരുന്ന  അച്ഛനെ പെട്രോളൊഴിച്ച് തീയിട്ടു കൊലപ്പെടുത്തിയത്. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പൊള്ളലേറ്റു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച അബോധിനും പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ എല്ലാവരേയും ആശുപത്രിയിലെത്തിച്ചു. ബൈദ്യനാഥ് ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.

സഹോദരന്‍ സുബോധ് നല്‍കിയ പരാതിയില്‍ പൊലീസ് അബോധിനെതിരെ കൊലപാതകത്തിന് കേസെടുത്തു. പൊള്ളലേറ്റ അബോധ് ഇപ്പോഴും ആശുപത്രിയിലാണ്.

Latest News