Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്ഥാപനങ്ങൾ സക്കാത്ത് സമർപ്പിക്കേണ്ടത് ഹിജ്‌റ കലണ്ടർ പ്രകാരം സമർപ്പിക്കണം

  • തർക്കപരിഹാര സമിതി എല്ലാ നികുതി പരാതികളും പരിശോധിക്കും

റിയാദ്- കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച നികുതി തർക്ക പരിഹാര സമിതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിലവിൽ വന്നു. നിലവിൽ സക്കാത്ത് ആന്റ് ഇൻകം വകുപ്പുമായി തുടരുന്ന തർക്കങ്ങൾ ഈ സമിതിയാണ് ഇനി മുതൽ പരിഹരിക്കേണ്ടത്. അതേസമയം ദീവാനുൽ മദാലിമിൽ രജിസ്റ്റർ ചെയ്ത പരാതികൾ അവർ തന്നെ പരിഹരിക്കും. തർക്ക പരിഹാര സമിതി രൂപീകരിക്കുന്നതിന് മുമ്പാണ് ഈ പരാതികൾ രജിസ്റ്റർ ചെയ്തത് എന്ന കാരണത്താലാണിത്.


പരാതിക്കാരിൽനിന്നും സക്കാത്ത് അതോറിറ്റിയിൽനിന്നും ഫോൺ കോളും സോഫ്റ്റ് കോപികളും അടക്കമുള്ള പരാതികൾ സ്വീകരിക്കാനാണ് സമിതിയുടെ തീരുമാനം. സക്കാത്ത് ആന്റ് ഇൻകം ടാക്‌സ് അതോറിറ്റിയുടെ തീരുമാനങ്ങൾക്കനുസരിച്ച് നടപ്പാക്കിയ എല്ലാ കാര്യങ്ങളും തർക്ക പരിഹാര സമിതി പരിശോധിക്കും. എല്ലാ പരാതികളിലും സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. അത് മറ്റു നിയമ സംവിധാനങ്ങളിൽ ചോദ്യം ചെയ്യാൻ അനുമതിയുണ്ടാവില്ല.


സക്കാത്ത് അതോറിറ്റി നികുതി ദാതാവിനെതിരെ നടപടിയെടുത്ത പരാതിയുണ്ടെങ്കിൽ 60 ദിവസത്തിനകം സമിതിയെ സമീപിക്കണം. മൂന്നു മാസത്തിനകം സക്കാത്ത് അതോറിറ്റി ഇതിന്റെ വിശദീകരണം നൽകണം. എന്നാൽ അത്തരമൊരു വിദശദീകരണമുണ്ടായില്ലെങ്കിൽ അതോറിറ്റിയിൽ തന്നെയുള്ള പ്രത്യേക സമിതിയിലേക്ക് കേസ് റഫർ ചെയ്യും. ഈ സമിതിയുടെ തീരുമാനം പരാതിക്കാരന് സ്വീകാര്യമായില്ലെങ്കിൽ അവർക്ക് തർക്ക പരിഹാര സമിതിക്ക് മുമ്പാകെ 30 ദിവസത്തിനകം പരാതി ബോധിപ്പിക്കാം. അല്ലെങ്കിൽ നേരിട്ട് വന്ന് കേസ് വാദിക്കാവുന്നതാണ്.
അമ്പതിനായിരം റിയാലിൽ കുറവുള്ളതും അപ്പീൽ പോകാനുള്ള സാവകാശമില്ലാത്തതും രഞ്ജിപ്പിലെത്തുന്നതുമായ കേസുകളിൽ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. കോടതികൾ ഈ കേസുകൾ പരിഗണിക്കുമ്പോൾ സമിതിക്ക് നോട്ടീസ് നൽകണം. വ്യവസ്ഥയിൽ വ്യക്തമാക്കുന്നു. 


അതേ സമയം പുതിയ വ്യവസ്ഥ പ്രകാരം പരാതി നൽകുമ്പോൾ നഷ്ടപരിഹാരത്തിന്റെ 10 മുതൽ 25 ശതമാനം വരെ പണമായോ അല്ലെങ്കിൽ 50 ശതമാനം ഗാരന്റിയായോ നൽകണം. നേരത്തെ ഒന്നും നൽകേണ്ടിയില്ലായിരുന്നു. മാത്രമല്ല സക്കാത്ത് ഹിജ്‌റ കലണ്ടർ പ്രകാരമാണ് കണക്കാക്കേണ്ടത്.


 

Latest News