Sorry, you need to enable JavaScript to visit this website.

ജാർഖണ്ഡ് ഇന്ത്യയുടെ പുതിയ മുഖം

ജാർഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറനും അനുയായികളും 

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതിന്റെ അന്തസ്സ് ശ്രുതി മധുരരാഗ മഹിമയോടെ രേഖപ്പെട്ട ഒരു തെരഞ്ഞെടുപ്പ് ഫലമാണ് ജാർഖണ്ഡ് രാജ്യത്തിന് സമ്മാനിക്കുന്നത്. അതിദേശീയത, വംശീയത, വെറുപ്പ് തുടങ്ങിയ നീച വിഘടിത മുദ്രാവാക്യങ്ങൾക്ക് നിർണായക ദശാസന്ധികളിൽ സ്ഥാനമില്ലെന്നും തെളിയിക്കപ്പെട്ടു. 


രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ഹേമന്ത് സോറൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹേമന്ത കാലത്തെ പ്രതിനിധീകരിക്കുന്നു. വസന്തം വരവറിയിക്കുന്ന ശുഭാംഗിയാവട്ടെ ജാർഖണ്ഡ്. രണ്ടായിരാമാണ്ടിൽ രൂപീകൃതമായ സംസ്ഥാനത്തെ ഒരിക്കലൊഴികെ ബി.ജെ.പിയാണ് ഭരിച്ചിരുന്നത്. അതുകൊണ്ടു തന്നെ രഘുബർ ദാസോ ബി.ജെ.പിയോ ഒരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. മോഡിയുടെ കരിഷ്മയും അമിത് ഷായുടെ ചാണക്യ വിദ്യകളും തെരെഞ്ഞെടുപ്പ് ഫലമെന്തായാലും ഭരണം നിലനിർത്താൻ സാധിക്കുമെന്ന മൗഢ്യ ധാരണ മറ നീക്കപ്പെട്ട് കാവിയുടെ കറുപ്പിൽനിന്ന് ഇന്ത്യയുടെ ബഹുസ്വരതയിലേക്ക് രാജ്യം വീണ്ടെടുപ്പ് നടത്തുന്നുവെന്നതിനുള്ള നിദർശനമായി ഈ വിജയം വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്. ജനാധിപത്യത്തിനിത് തിളക്കമുള്ള പ്രതീക്ഷയാണ്.


2014 ൽ മോഡി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് ആറ് സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഭരണമുണ്ടായിരുന്നത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ഗോവ എന്നിവയായിരുന്നു ആ സംസ്ഥാനങ്ങൾ. അന്ന് 21.28 ശതമാനം ഭൂപ്രദേശവും 26 കോടി ജനങ്ങളും ബി.ജെ.പി ഭരണത്തിൻ കീഴിലായിരുന്നു. മൂന്ന് വർഷങ്ങൾ കൊണ്ട് ചരിത്രത്തിൽ തുല്യതയില്ലാത്തവണ്ണം ബി.ജെ.പി ഇന്ത്യയെ കീഴടക്കി. 


21 സംസ്ഥാനങ്ങളിൽ ഭരണം. 71 ശതമാനം ഭൂപ്രദേശവും 85 കോടി ജനങ്ങളും ബി.ജെ.പി സമഗ്രാധിപത്യത്തിൻ കീഴിലമരുകയായിരുന്നു. ഈ അപ്രമാദിത്തമാണ് 2017 ഡിസംബറിൽ നിന്ന് 2019 ഡിസംബറിലെത്തുമ്പോൾ നേർപകുതിയായി തലകുത്തി നിൽക്കുന്നത്. നവംബറിൽ 40 ശതമാനം ഭൂപ്രദേശം ഭരിച്ചിരുന്നതിൽനിന്ന് ജാർഖണ്ഡ് പോകുന്നതോടു കൂടി 35 ശതമാനത്തിലെത്തി നിൽക്കുന്നു ബി.ജെ.പി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പുറമെ ഒരു വർഷം കൊണ്ട് ഹിന്ദി ഹൃദയ ഭൂമിയിലെ അഞ്ചാമത്തെ സംസ്ഥാനമാണ് ബി.ജെ.പിയെ കൈയൊഴിയുന്ന ജാർഖണ്ഡ്. ഭരണം നിലനിർത്തിയ ഹരിയാനയിലാവട്ടെ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. അങ്ങനെ കയറ്റവും ഇറക്കവും ചരിത്രമാക്കിയിരിക്കുകയാണ് മോഡി - അമിത്ഷാ കൂട്ടുകെട്ട്.


മോഡി തരംഗത്തിന് പഴയ മോടിയില്ലെന്നതാണ് വാസ്തവം. മോഡിയെന്നാൽ ഇന്ത്യയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചണ്ഡ പ്രചാരണങ്ങളിൽനിന്ന് രാജ്യം മുക്തമാകുന്നത് ശുഭോദർക്കമാണ്. ജാർഖണ്ഡിൽ മോഡി ഒൻപത് മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതിൽ അഞ്ചിടത്തും ബി.ജെ.പി പരാജയപ്പെട്ടു. അമിത്ഷായാവട്ടെ, പതിനൊന്നിടത്ത് റാലി നടത്തിയെങ്കിലും അതിൽ ഒമ്പതിടത്തും ബി.ജെ.പി തോറ്റു. എന്നാൽ രാഹുൽ നില മെച്ചപ്പെടുത്തി. അദ്ദേഹം അഞ്ചിടത്തേ പ്രചാരണത്തിലെത്തിയുള്ളൂ; അതിൽ നാലിലും കോൺഗ്രസ് വിജയിച്ചു. എൺപത്തിയൊന്ന് സീറ്റുള്ളതിൽ മുപ്പത് സീറ്റുകളോടെ ജാർഖണ്ഡ് മുക്തി മോർച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ജെ.എം.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. മുൻതെരഞ്ഞെടുപ്പുകളിൽ 17, 18, 19 എന്നിങ്ങനെയാണ് മോർച്ചക്കുണ്ടായിരുന്നത്. കോൺഗ്രസാവട്ടെ ആറ് സീറ്റിൽ നിന്നാണ് പതിനാറിലെത്തുന്നത്. നേരത്തെ സീറ്റൊന്നുമില്ലാതിരുന്ന ആർ.ജെ.ഡിക്കുമുണ്ട് ഒരു സീറ്റ്. അങ്ങനെ മഹാസഖ്യം 45 സീറ്റ് പിടിച്ചു. ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ടായിരുന്നത് 25 ആയി. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന, സംസ്ഥാനത്തെ നാലാമത്തെ പാർട്ടിയുമായ ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയനും മൂന്ന് സീറ്റ് നഷ്ടമായി രണ്ടിലൊതുങ്ങി. എല്ലാ സീറ്റിലും മത്സരിച്ച ജാർഖണ്ഡ് വികാസ് മോർച്ചക്കും നേരത്തെയുണ്ടായിരുന്ന എട്ട് സീറ്റുകളിൽ മൂന്നെണ്ണമേ നിലനിർത്താനായുള്ളൂ. മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ അനിഷേധ്യ നേതാവുമായിരുന്ന ബാബുലാൽ മാറാൻഡി 2006 ൽ പാർട്ടിയോട് പിണങ്ങി രൂപീകരിച്ചതാണ് ജാർഖണ്ഡ് വികാസ് മോർച്ച.


ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്ന്, ഇന്ത്യയിലെ ജനങ്ങൾ ആത്യന്തികമായി ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നു. രാഷ്ട്രീയ ഹിന്ദുത്വ വഴി ഫാസിസത്തിലേക്ക് എടുത്തുചാടാൻ രാജ്യം സന്നദ്ധമല്ല. ഗർവും ധാർഷ്ട്യവും ധിക്കാരവും ജനം വെറുക്കുന്നു. ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങളായ കർഷകരുടെ പ്രതിസന്ധി, തൊഴിലില്ലായ്മ മുതലായവക്ക് പകരമായി വംശ വെറിയും വെറുപ്പും പാക്കിസ്ഥാൻ വിരോധവുമൊന്നും ചെലവാകില്ല. ജാർഖണ്ഡിൽ പതിനഞ്ച് ശതമാനം മുസ്‌ലിംകളുണ്ട്. 1964 മുതൽ 1979 വരെ വർഗീയ സംഘർഷങ്ങൾ കൊണ്ട് ചെഞ്ചായമണിഞ്ഞ ചരിത്രമുണ്ട് അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന ജാർഖണ്ഡിന്. ആദ്യം ജനസംഘവും പിന്നീട് ആർ.എസ്.എസും ഈ പ്രദേശത്തെ വർഗീയ കലാപങ്ങൾക്കായി തെരഞ്ഞെടുക്കുകയായിരുന്നു. മോഡി അധികാരത്തിലേറിയ കഴിഞ്ഞ ആറ് വർഷത്തിനിടക്ക് പശുവിന്റെയും ജയ് ശ്രീറാമിന്റെയും പേരിൽ ക്രൂരമായ കൊലകൾ അരങ്ങേറി. 12 വയസ്സ് മാത്രമുള്ള ഇംതിയാസിനെയും മസ്ലൂം അൻസാരിയെയും ക്രൂരമായി അടിച്ചുകൊന്ന് മരത്തിൽ കെട്ടിത്തൂക്കിയത് 2016 ലാണ്. രണ്ടാം തവണ മോഡി അധികാരത്തിലെത്തിയ ഉടനെയാണ് (ജൂൺ 17 ന്) നവ വരനായ തബ്രീസ് അൻസാരിയെ മണിക്കൂറുകളോളം പീഡിപ്പിച്ച് കൊന്നത്. പക്ഷേ, ഇതല്ല ജനമാശിക്കുന്നത് എന്നത് ഈ തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.


രണ്ടാമത്തെ കാര്യം, ഫാസിസത്തിന്റെ തേരോട്ടം അവസാനിപ്പിക്കാൻ ഒരേയൊരു മാർഗം ജനാധിപത്യ ചേരിയുടെ ഒരുമിച്ച സഖ്യങ്ങൾ മാത്രമാണ്. ജാർഖണ്ഡ് അത് തെളിയിച്ചു. പാർട്ടികൾ തമ്മിലെ രസതന്ത്രം മാത്രമല്ല ഗണിതവും സമം ചേരുമ്പോഴേ വിജയം കൈവരികയുള്ളൂ. അതിന് വല്യേട്ടൻ മനോഭാവങ്ങൾക്കപ്പുറം പ്രാദേശിക സന്തുലിതാവസ്ഥക്ക് പ്രാമുഖ്യം കൊടുക്കണം. ഈ തിരിച്ചറിവ് ജാർഖണ്ഡിലുണ്ടായിട്ടുണ്ട്. അതേസമയം, ദേശീയ തെരഞ്ഞെടുപ്പ് സമയത്ത് യു.പിയിലും ദൽഹിയിലും ബംഗാളിലുമൊന്നും തിരിച്ചറിവ് പ്രാദേശിക പാർട്ടികൾക്കുണ്ടായില്ല. ജാർഖണ്ഡ് പാഠങ്ങൾ ഹൃദിസ്ഥമാക്കി വേണം ബിഹാർ, ദൽഹി, പോണ്ടിച്ചേരി തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങാൻ. അല്ലെങ്കിൽ വീണ്ടും ചരിത്രമാവർത്തിക്കും. ബി.ജെ.പി പിറകിലേക്ക് പോകാൻ മുഖ്യ കാരണം അവരുടെ അഹന്തയുടെ ഫലമായി സഖ്യ കക്ഷികൾ വേറിട്ട് പോയതാണ്. ഇത്, ജനാധിപത്യത്തിന് കരുത്തേകേണ്ട രാഷ്ട്ര മീമാംസയിലെ ഒന്നാമധ്യായമാണ്. ഈ പാഠം നേരാംവണ്ണം പഠിച്ചില്ലെങ്കിൽ ഏതാനും കാതകമലെ ഇന്ത്യയെന്ന മനോഹര സ്വപ്‌നം ചില്ലുകൊട്ടാരം പോലെ നിലം പൊത്തുന്ന ദുരന്തത്തിന് നാം മൂസാക്ഷികളാകേണ്ടി വരും. 

Latest News