Sorry, you need to enable JavaScript to visit this website.

അലനെയും താഹയെയും  കൊലയ്ക്ക് കൊടുത്തവർ

ഒരാൾ മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്നും നേരിട്ട് കുറ്റകൃത്യത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നതാണ് പ്രശ്‌നമെന്നുമുള്ള കോടതി വിധി നിലനിൽക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.  ഇനി സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് കേന്ദ്ര നീക്കം എങ്കിൽ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നു ചൂണ്ടിക്കാട്ടി  ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനെതിരെ രംഗത്തിറങ്ങാൻ സർക്കാർ തയാറാവുകയാണ് വേണ്ടത്.  

മുണ്ടുടുത്ത മോഡി എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നതു കാണുമ്പോൾ അങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല എന്നു തന്നെയാണ് തോന്നാറുള്ളത്. എന്നാൽ അലൻ - താഹ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് കാണുമ്പോൾ ആ വിശേഷണത്തിൽ തെറ്റില്ല എന്നു തന്നെ പറയേണ്ടിവരും. 
ഒരു ജനാധിപത്യ സമൂഹത്തിൽ നിലനിൽക്കുമെന്ന് ആരും പ്രതീക്ഷിക്കുന്ന മുഴുവൻ മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച്, രണ്ടു കൗമാരക്കാരിൽ ഏറ്റവും ഭീകരമായ യു.എ.പി.എ അടിച്ചേൽപിച്ച്, അവരെ എൻ.ഐ.എക്ക് വിട്ടുകൊടുത്ത നടപടി അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്? നീതിയുടെയും നിയമത്തിന്റെയും മുന്നിൽ എല്ലാവരും തുല്യരാണെങ്കിലും, ഇവർ സി.പി.എം പ്രവർത്തകർ കൂടിയായിട്ടും ഇത്തരത്തിൽ തീരുമാനമെടുക്കുന്ന മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ കൊച്ചുപതിപ്പല്ലാതെ മറ്റെന്താണ്?


ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മൂന്നു തവണയായി വ്യാജ ഏറ്റുമുട്ടലിലൂടെ ഏഴുപേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചതാണ് ഈ കുട്ടികളെ എൻ.ഐ.എയുടെ കൈവശമെത്തിച്ചതിനു പ്രധാന കാരണമായത്. അലനെയും താഹയെയും പോലെ  സി.പി.എം പ്രവർത്തകരടക്കം നിരവധി പേർ  ഇതിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. മോഡിയെ പോലെ അവരെയെല്ലാം നഗര നക്‌സലുകൾ എന്നാണ് പിണറായിയും വിശേഷിപ്പിക്കുന്നത്. പോലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ അവരിവരും മാവോയിസ്റ്റുകളാണെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി തന്നെ നടത്തി. സംസ്ഥാന സർക്കാർ കടുത്ത നിലപാടെടുക്കുമ്പോൾ സ്വാഭാവികമായും കേന്ദ്രം എൻ.ഐ.എ ചുമത്തുമെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത്. ഇനി കേരള സർക്കാർ വിചാരിച്ചാൽ പോലും ഇവരെ എളുപ്പം രക്ഷപ്പെടുത്താനാവില്ല എന്നു വ്യക്തം.

ഈ സാഹചര്യത്തിൽ ഇവരെ ബലിയാടുകളാക്കി സ്വന്തം  പ്രവർത്തകർക്കിടയിൽ ഭീതി പരത്താനും അവരെ നിശ്ശബ്ദരാക്കാനുമാണോ പിണറായിയുടെ ശ്രമമെന്നു സംശയിക്കുന്നതിൽ തെറ്റില്ല. അല്ലാതെ തെറ്റിദ്ധാര ണയുടെ പുറത്തുണ്ടായതാണ്, പിന്നീട് യു.എ.പി.എ  ഒഴിവാക്കപ്പെടും,  ജാമ്യം കിട്ടുമെന്നുമെല്ലാമുള്ള ന്യായീകരണ വാദക്കാരുടെ വാദമെല്ലാം അർത്ഥശൂന്യമാണ്. ഇരുവരും മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രിയും മാവോയിസ്റ്റുകളുടെ പിറകിൽ മുസ്‌ലിം തീവ്രവാദികളാണെന്നും സി.പി.എം ജില്ലാ സെക്രട്ടറിയും പറയുന്നതു തന്നെ ഇരുവരേയും അമിത് ഷാക്കെറിഞ്ഞു കൊടുക്കാനുള്ള നീക്കമായിരുന്നു. രണ്ടുപേരും മുസ്‌ലിം നാമധാരികളാണെന്നതും ചെറിയ കാര്യമല്ലല്ലോ. എല്ലാം കഴിഞ്ഞപ്പോൾ ഒരു പ്രതിഷേധ കുറിപ്പിറക്കി കൈ കഴുകുന്ന പാർട്ടി നീക്കവും ആസൂത്രിതമെന്നു തന്നെ കരുതേണ്ടിവരും. അതാകട്ടെ, പാർട്ടി അനുഭാവിയായ അലന്റെ മാതാവിൽ നിന്ന് അതിരൂക്ഷമായ പ്രതിഷേധമുണ്ടായ ശേഷം. 


ഒരാൾ മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്നും നേരിട്ട് കുറ്റകൃത്യത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നതാണ് പ്രശ്‌നമെന്നുമുള്ള കോടതി വിധി നിലനിൽക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.  ഇനി സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെയാണ് കേന്ദ്ര നീക്കം എങ്കിൽ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നു ചൂണ്ടിക്കാട്ടി  ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനെതിരെ രംഗത്തിറങ്ങാൻ സർക്കാർ തയാറാവുകയാണ് വേണ്ടത്.  വാസ്തവം അതല്ല എന്നതു തന്നെ സത്യം. യു.എ.പി.എയും മറ്റും സർക്കാർ നയമല്ല എന്നതു തന്നെ പച്ചക്കള്ളമാണെന്നതാണ് സത്യം. കേന്ദ്രം നിർബന്ധിച്ചിട്ടോ മതിയായ കാരണങ്ങളുണ്ടായിട്ടോ അല്ല ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതെന്നത് പകൽ പോലെ വ്യക്തമാണല്ലോ. ബഹ്‌റയേയും ശ്രീവാസ്തവയേയും ഇരുവശത്തുമിരുത്തി ആഭ്യന്തരം നോക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരാണ് യഥാർത്ഥത്തിൽ വിഡ്ഢികൾ.

Latest News