പാക് വെട്ടുകിളികളുടെ ആക്രമണം; ഗുജറാത്തിലും രാജസ്ഥാനിലും വന്‍തോതില്‍ കൃഷി നാശം

അഹമദാബാദ്- പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്ന് പാറിയെത്തിയ വെട്ടുകിളികളുടെ രൂക്ഷമായ കടന്നാക്രമണത്തില്‍ ഗുജറാത്തില്‍ വന്‍തോതില്‍ കൃഷി നശിച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത ആക്രമമാണിതെന്ന് കാര്‍ഷിക രംഗത്തുള്ളവര്‍ പറയുന്നു. അധികൃതര്‍ കീടനാശിനി ഉപയോഗിച്ച് വെട്ടുകിളികളെ അകറ്റാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷര്‍ ഡ്രം  കൊട്ടി ശബ്ദമുണ്ടാക്കിയാണ് അവയെ വിരട്ടാന്‍ ശ്രമിക്കുന്നത്. കുട്ടികള്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കിയും വെട്ടുകിളികളെ വിരട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ വെട്ടുകിളില്‍ അടുക്കില്ലെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. 

12 ഓളം ജില്ലകളിലെ കൃഷിയെ വെട്ടുകിളിയാക്രമണം ബാധിച്ചു. ഒരു ജില്ലയില്‍ മാത്രം 12,000 ഏക്കറോളും കൃഷിയാണ് നശിച്ചത്. കീടനാശിനി ഉപയോഗിച്ച് 25 ശതമാനത്തോളം കീടങ്ങളെ നശിപ്പിച്ചുവെങ്കിലും ഇനിയും നാലഞ്ച് ദിവസം എടുക്കും അവയെ പൂര്‍ണമായും ഇല്ലാതാക്കാനെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പുനംചന്ദ് പര്‍മാര്‍ പറഞ്ഞു. വിദഗ്ദ്ധരുടെ 27 സംഘത്തെ പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

ഐക്യ രാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന വെട്ടുകിളി ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്നം വഷളാക്കിയത്. വെട്ടുകിളി ആക്രമണത്തെ കുറിച്ച് പഠിക്കുന്ന ലോക്ടസ് വാണിങ് ഓര്‍ഗനൈസേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 

കാറ്റ് മൂലം വഴി തെറ്റിയാണ് വെട്ടുകിളികള്‍ ഗുജറാത്തിലെത്തിയത്. അവ തുടക്കത്തില്‍ പാകിസ്താനിലേക്ക് പറന്നിരുന്നതാണ്. ഒക്ടോബര്‍ മാസം മുതലാണ് കച്ചിലേക്ക് വെട്ടുകിളില്‍ വന്ന് തുടങ്ങിയത്. പിന്നീടത് പത്താനിലേക്കും ബനസ്‌കന്ദയിലേക്കും വ്യാപിച്ചു. 

രാജസ്ഥാനിലെ ജലോര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ജയ്സാല്‍മിര്‍ എന്നിവിടങ്ങളിലും വെട്ടുകിളി ശല്യമുണ്ട്. രണ്ട് ദശാബ്ദത്തിനിടെ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്ന ഏറ്റവും മാരകമായ വെട്ടുകിളി ആക്രമണമാണ് ഇപ്പോഴത്തേത് എന്ന് ആനന്ദ് കാര്‍ഷിക സര്‍വകലാശാലയിലെ എന്റമോളജി വകുപ്പ് തലവന്‍ പി കെ ബൊറാദ് പറഞ്ഞു. 1994-ലാണ് ഇത്തരമൊരു ആക്രമണം കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീടനാശിനികളുമായി 100 ട്രാക്ടറുകള്‍ വെട്ടുകിളി ശല്യമുള്ള ഗ്രാമങ്ങളിലെത്തുമെന്ന് കാര്‍ഷിക മന്ത്രി ആര്‍ സി ഫാല്‍ദു പറഞ്ഞു.

Latest News