റായ്പുർ- എൻ.ആർ.പിയും എൻ.ആർ.സിയും പാവപ്പെട്ടവരുടെ മേലുള്ള നികുതിയാണെന്ന് പാവപ്പട്ടവരുടെ നേരെയുളള ആക്രമണമാണന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യത്തെ തൊഴിൽക്ഷാമത്തിനെതിരായ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനാണ് സർക്കാർ ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുവരുന്നതെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് മോഡി ശ്രമിക്കുന്നതെന്ന് രാഹുൽ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ശത്രുരാജ്യങ്ങൾ പോലും ഇന്ത്യയോട് ചെയ്യാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും ചെയ്തു കൊണ്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വിദ്വേഷം മാത്രമേ പ്രചരിപ്പിക്കൂ എന്ന് രാജ്യത്തെ വിദ്യാർഥികൾക്കു മനസിലായിരിക്കുന്നു. ഭാരതമാത എന്ന വാക്ക് ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാൻ അനുവദിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.






