Sorry, you need to enable JavaScript to visit this website.

കേരളത്തിലും തടങ്കൽപാളയം നിർമ്മിക്കാൻ നീക്കം

തിരുവനന്തപുരം- കേരളത്തിലും തടങ്കൽ പാളയം നിർമ്മിക്കാൻ പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ദേശീയ ദിനപത്രമായ ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും സർക്കാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആളിപ്പടരുമ്പോഴാണ് തടങ്കൽപാളയം നിർമ്മിക്കാനും ഉദ്ദേശിക്കുന്നത്.  അനധികൃതമായി കേരളത്തിൽ തങ്ങുന്ന വിദേശികളെയും കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിൽ കഴിയുന്ന വിദേശികളെയും പാർപ്പിക്കാനായാണ് തടങ്കൽ പാളയം നിർമിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. ഇതിന് മുന്നോടിയായി ജയിലുകളിൽ കഴിയുന്ന വിദേശികളുടെ റിപ്പോർട്ട് സമൂഹിക നീതി വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. 

തടവിലാക്കാൻ മതിയായ വിദേശികൾ ഉണ്ടെങ്കിൽ തടങ്കൽപാളയം നിർമിക്കും. ഇതിനായാണ് വിദേശികളുടെ എണ്ണം തേടിയത്.  വാടകക്ക് താൽക്കാലിക കെട്ടിടം ഒരുക്കാനും ആലോചനയുണ്ട്. എന്നാൽ ഇതുവരെ കെട്ടിടം ലഭിച്ചിട്ടില്ല. ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ജയിലുകളിൽ കഴിയുന്ന വിദേശികളുടെ എണ്ണം  സ്‌റ്റേറ്റ് െ്രെകം റെക്കോർഡ് ബ്യൂറോയോട് ജൂൺ മുതൽ ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിട്ടില്ല. നവംബർ 26നാണ് ഇത് സംബന്ധിച്ച് അവസാനം കത്ത് നൽകിയത്.

അനധികൃതമായി താമസിക്കുന്ന വിദേശികളെ പാർപ്പിക്കാനായി തടങ്കൽപാളയങ്ങൾ നിർമിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും സൂചനയുണ്ട്. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ജയിലിന് പുറത്ത് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു,. 

അസമിലും കർണാടകയിലും തടങ്കൽപാളയങ്ങൾ നിർമിക്കുന്നതിൽ രാജ്യവ്യാപക പ്രതിഷേധമുയരുമ്പോഴാണ് കേരളത്തിലും തടങ്കൽപാളയം നിർമിക്കാൻ സർക്കാർ ആലോചിക്കുന്നത്. തടങ്കൽപാളയങ്ങൾക്കെതിരെ സി.പി.എം പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും തടങ്കൽപാളയം ഒരുക്കാൻ പദ്ധതിയിടുന്നത്. പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കേന്ദ്ര സർക്കാറിനോട് പരസ്യമായി ഇടഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
 

Latest News