Sorry, you need to enable JavaScript to visit this website.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി യുപിയില്‍ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം, നിരീക്ഷണം

ലഖ്‌നൗ- വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌ക്കാരത്തിനായി വിശ്വാസികള്‍ ഒത്തുകൂടുന്നത് കണക്കിലെടുത്ത് ഉത്തര്‍ പ്രദേശില്‍ 14 ജില്ലകളിലെ നിരവധി പട്ടണങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് തടഞ്ഞു. ബുലന്ദ്ശഹര്‍, മഥുര, ഗാസിയാബാദ്, ആഗ്ര എന്നിവ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇന്റര്‍നെറ്റ് വിലക്കിയത്. ശനിയാഴ്ച രാവിലെ വരെയാണ് വിലക്ക്. വെള്ളിയാഴ്ച മുസ്‌ലിം പള്ളികളിലെ പ്രാര്‍ത്ഥന കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസിനു പുറമെ അര്‍ധസൈനികരേയും വിന്യസിച്ചിട്ടുണ്ട്. പള്ളികിലെ പ്രാര്‍ത്ഥന നിരീക്ഷിക്കാന്‍ ഡ്രോണ്‍ ക്യാമറകളും ഉപയോഗിക്കും. തലസ്ഥാനമായ ലഖ്‌നൗവില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്എംഎസ് സര്‍വീസും തടഞ്ഞിരിക്കുകയാണ്. ഇവിടെ ബിഎസ്എന്‍എല്ലിന്റെ സേവനം മാത്രമെ ലഭ്യമാകൂ. 

പൗരത്വ പ്രക്ഷോഭവുമായി രംഗത്തുള്ളവര്‍ക്കെതിരെ യുപിയില്‍ പോലീസും ബിജെപി സര്‍ക്കാരും കടുത്ത അക്രമമാണ് അഴിച്ചുവിടുന്നതെന്ന് പൗരാവകാശ പ്രവര്‍ത്തകര് ചൂണ്ടിക്കാട്ടുന്നു. പലയിടത്തും മുസ്‌ലിംകളെ മാത്രം ഉന്നമിട്ട് ആസൂത്രിത അതിക്രമങ്ങളും കൊള്ളയും നടക്കുന്നുണ്ട്. പോലീസിനൊപ്പം സംഘപരിവാര്‍ ഗുണ്ടകളും വ്യാപക അക്രമം നടത്തുന്നതായി വസ്തുതാന്വേഷണ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മുസഫര്‍നഗറിലടക്കം നിരവധി മുസ്‌ലിംകളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. മുസഫര്‍നഗറില്‍ വെള്ളിയാഴ്ച ജുമുഅയ്ക്കു മുന്നോടിയായി പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

Latest News