Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ച  ലീഗ് നേടിയത് 3496 വോട്ടുകള്‍ മാത്രം 

റാഞ്ചി- ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെയാണ് ലീഗ് മത്സരിച്ചത്. ജാര്‍ഖണ്ഡിലെ നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച – രാഷ്ട്രീയ ജനതാദള്‍ മഹാസഖ്യത്തിനെതിരെ മത്സരിച്ചത്. നാല് മണ്ഡലങ്ങളിലും കെട്ടിവെച്ച കാശുപോലും ലഭിക്കാതെ ദയനീയ പരാജയമേറ്റു വാങ്ങിയ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെല്ലാവരും ചേര്‍ന്നു നേടിയതാവട്ടെ കേവലം 3496 വോട്ടുകള്‍.  
ജാര്‍ഖണ്ഡിലെ ഹാട്ടിയ മണ്ഡലത്തില്‍ സി.പി.എമ്മും മുസ്‌ലിം ലീഗും പിടിച്ച വോട്ടുകള്‍ ബി.ജെ.പി വിജയത്തിനും കോണ്‍ഗ്രസിന്റെ പരാജയത്തിനും വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഹാട്ടിയയില്‍ ബി.ജെ.പിയിലെ നവീന്‍ ജയ്‌സ്വാള്‍ 16264 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ അദയ്‌നാഥ് ഷഹീദോയെ പരാജയപ്പെടുത്തിയത്. ഇവിടെ സി.പി.എമ്മിലെ സുഭാഷ് മുണ്ട 14162 വോട്ടുകളും മുസ്‌ലിം ലീഗിലെ അബ്ദുല്ല അജ്ഹര്‍ അന്‍സാരി 345 വോട്ടും നേടുകയുണ്ടായി.
ഇവിടെ എട്ടു സ്വതന്ത്ര•ാരും മത്സരിച്ചിരുന്നു. നോട്ടക്ക് 1507 വോട്ടും ലഭിച്ചു. ഹാട്ടിയയില്‍ സി.പി.എമ്മിന്റെയും ലീഗിന്റെയും പിന്തുണയും പ്രതിപക്ഷ ഐക്യവുമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് നിഷ്പ്രയാസം വിജയിക്കാമായിരുന്നു. ജാര്‍മുണ്ഡിയിലാണ് മുസ്‌ലിം ലീഗിന് കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത്. ഇവിടെ ലീഗ് ടിക്കറ്റില്‍ മത്സരിച്ച മുഹമ്മദ് റാസി അഹമ്മദ് 2326 വോട്ടുകളാണ് നേടിയത്. ലീഗ് എതിരെ മത്സരിച്ചെങ്കിലും ജാര്‍മുണ്ഡിയില്‍ കോണ്‍ഗ്രസിലെ ബാദല്‍ 3099 വോട്ടുകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്.
മാണ്ഡു മണ്ഡലത്തില്‍ മുസ്‌ലിം ലീഗിലെ അബ്ദുല്‍ ഖയ്യൂം അന്‍സാരി 690 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഇവിടെ ജയ്പ്രകാശ്ഭായി പട്ടേലാണ് വിജയിച്ചത്. എ.ജെ.എസ്.യുവിലെ നിര്‍മ്മല്‍ മഹാതയാണ് രണ്ടാമതെത്തിയത്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്കാവട്ടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയുംവന്നു.
ജംഷഡ്പൂര്‍ വെസ്റ്റില്‍ ലീഗിലെ ഖമറുദ്ദീന്‍ റാസിക്ക് 135 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിലെ ബന്ന ഗുപ്ത 22583 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ജാര്‍ഖണ്ഡില്‍ ഏഴു മണ്ഡലങ്ങളില്‍ മുസ്‌ലിം ലീഗ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ മത്സരം നാലു മണ്ഡലങ്ങളിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു. ശക്തിതെളിയിക്കുക എന്നതായിരുന്നു ലീഗിന്റെ ലക്ഷ്യമെങ്കിലും എല്ലായിടത്തും കെട്ടിവെച്ച പണം പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. 

Latest News