Sorry, you need to enable JavaScript to visit this website.

പ്രതീക്ഷകളുടെ  പുതുവർഷപ്പുലരി

ലോകം സങ്കീർണമായ പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോകുന്നത്. അസമത്വവും അനീതിയും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത കൊണ്ടും ദുരിതം അനുഭവിക്കേണ്ടി വരുന്ന ജനതയുടെ മുറവിളികളാണെങ്ങും. ഇതിനിടയിലും പ്രതീക്ഷകളാണ് മനുഷ്യനെ നയിക്കുന്നത്. ദുരിതങ്ങളില്ലാത്ത, കഷ്ടതകളില്ലാത്ത, സന്തോഷവും സമാധാനവും കളിയാടുന്ന ലോകമാണ് എല്ലാവരുടേയും സ്വപ്‌നം. അതൊരു നാൾ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷകളുമായാണ് പുതു വർഷം കടന്നു വരുന്നത്. അതിനായുള്ള കൂട്ടായ പരിശ്രമം അനിവാര്യമായ ഘട്ടത്തിലാണ് പ്രവാസികളായ നാമുള്ളത്. 


സമ്പദ് രംഗത്ത് വളർച്ചയിലേക്ക് കുതിച്ച് വികസിത രാജ്യങ്ങൾക്കൊപ്പം നിലയുറപ്പിക്കുമെന്ന് തോന്നിപ്പിക്കുന്ന പ്രകടനവുമായി കുതിച്ചിരുന്ന ഇന്ത്യ ഇന്ന് സാമ്പത്തിക രംഗത്ത് തകർച്ചയെ നേരിടുകയാണ്. അതോടൊപ്പം ഭരണകർത്താക്കളുടെ നയവൈകല്യങ്ങളുടെ ഫലമായി രാജ്യത്തൊന്നാകെ അരക്ഷിതാവസ്ഥയും സൃഷ്ടിക്കപ്പെട്ടതോടെ ആശങ്കയുടെ മുൾമുനയിലാണ് ഓരോ പ്രവാസികളും. കാരണം പ്രവാസികളിൽ ബഹുഭൂരിഭാഗത്തിന്റെയും കുടുംബങ്ങൾ നാട്ടിലാണെന്നതാണ് ഏവരേയും അലട്ടുന്നത്. പ്രവാസ ലോകത്തെ തൊഴിലിടങ്ങളിലെ തൊഴിൽ നഷ്ട ഭീഷണിയുൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ വലയുന്നതിനിടെ നാട്ടിലെ സമാധാന അന്തരീക്ഷം കൂടി കലുഷിതമായതോടെ പ്രവാസികളുടെ ആശങ്കകളും വർധിച്ചിരിക്കുകയാണ്. ഇതിനിടയിലും ജോലി ചെയ്യുന്ന നാടുകളിലെ നിയമ പരിധിക്കുള്ളിൽനിന്ന് നാട്ടിലെ പ്രതിഷേധാഗ്നിയുടെ അലയൊലികളിൽ അവരും പങ്കു ചേരുന്നുവെന്നത് വരും നാളുകൾ സമാധാനത്തിന്റേതാകുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കപ്പെടാൻ ജാതിമത വ്യത്യാസമില്ലാതെ ഒത്തൊരുമിച്ചു നടത്തുന്ന പ്രക്ഷാഭങ്ങളാണ് പ്രതീക്ഷ പകരുന്നത്. ഇന്ത്യയുടെ ശക്തി വൈവിധ്യത്തിന്റേതാണ്. അതിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടുന്ന നീക്കങ്ങൾക്കെതിരെ നിലയുറപ്പിക്കാനുള്ള പുതു തലമുറയുടെ വാഞ്ഛയാണ് പ്രതീക്ഷകൾക്ക് കൂടുതൽ നിറം പകരുന്നത്. കാറും കോളും കെട്ടടങ്ങി പുതു വർഷം പുതുയുഗപ്പിറവിയുടേതായി മാറാനുള്ള പരിശ്രമത്തിൽ എല്ലാവരും ഐക്യപ്പെടാനും അതിനനുസൃതമായ സമീപനം ഭരണകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് പ്രതിസന്ധികൾക്കിടയിലും പ്രവസികളെ നയിക്കുന്നത്. 


ദുരിതക്കടൽ നീന്തി സുഷുപ്തിയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന പ്രവാസ ലോകം ഇന്ന് ഒട്ടേറെ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. നാട്ടിലെ തൊഴിലില്ലായ്മക്ക് പരിഹാരം തേടി വിവിധ രാജ്യങ്ങളിലെത്തിപ്പെട്ടവർ തൊഴിൽ രഹിതരാകുന്ന കാഴ്ചയാണ് പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യവും അവരുടെ പൗരന്മാരുടെ സംരക്ഷണത്തിനും തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനും സ്വീകരിക്കുന്ന സമീപനത്തെ ഒരാൾക്കും കുറ്റപ്പെടുത്താനാവില്ല. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ രാജ്യം കൂടുതൽ പേർക്ക് തൊഴിൽ നൽകാനും തൊഴിൽ തേടി ലോകത്തിന്റെ നാനാ ഭാഗത്തേക്കു പോയവർ തിരിച്ചെത്തുമ്പോൾ അവർക്കു സൈ്വരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനുമുള്ള പരിശ്രമമാണ് നടത്തേണ്ടത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നവർ ശോഷിക്കാൻ തുടങ്ങുമ്പോൾ അതിനു പകരമായുള്ള പോംവഴികളിലൂടെ രാജ്യത്തിന്റെ സമ്പദ് ഘടനയെ പരിപോഷിപ്പിക്കാനുള്ള മാർഗങ്ങൾക്കാണ് ഭരണകർത്താക്കൾ മുൻതൂക്കം നൽകേണ്ടത്. അതല്ലാതെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമായ സമീപനങ്ങളായിരിക്കരുത് സ്വീകരിക്കേണ്ടത്. അതു രാജ്യത്തെ എല്ലാ  അർഥത്തിലും പിന്നോട്ടടിക്കും. രാജ്യപുരോഗതി ലക്ഷ്യമിടുന്ന കാഴ്ചപ്പാടും ദീർഘവീക്ഷണവും തുല്യനീതി ഉറപ്പാക്കുന്നതുമായ ഭരണകർത്താക്കൾ ഉണ്ടാകുമെന്നുതന്നെ വേണം പ്രതീക്ഷിക്കാൻ.


ഇന്ന് പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ളവരെ അലട്ടുന്നത് തൊഴിൽനഷ്ട ഭീഷണിയും ഓരോ രാജ്യവും പുതുതായി ഏർപ്പെടുത്തുന്ന പുതിയ നികുതികളുമാണ്. സ്വദേശിവൽക്കരണ ഫലമായി ആയിരക്കണക്കിനു പേർക്ക് ഇതിനകം തൊഴിൽ നഷ്ടമായി. പലരും ഏതു നിമിഷവും തൊഴിൽ രഹിതനാകാവുന്ന അവസ്ഥയിലുമാണ്. ഇതോടൊപ്പം വർധിച്ചുവരുന്ന ജീവിതച്ചെലവു കൂടിയാവുമ്പോൾ ജീവിതത്തന്റെ താളം തെറ്റും. അതിനിടെ സ്വന്തം രാജ്യത്ത് സമാധാനം കൂടിയില്ലാതായാലോ, പറയുകയും വേണ്ട. ഇത്തരമൊരു സാഹചര്യത്തിലും പിടിച്ചു നിൽക്കാനുള്ള പരിശ്രമവുമായാണ് ഓരോ പ്രവാസിയും നീങ്ങുന്നത്. ഇതിനിടെ വരുന്ന ആശ്വാസ വാക്കുകൾ അവർക്ക് ആത്മവിശ്വാസം പകരുന്നതാണ്. അത്തരത്തിലൊന്നാണ് ലെവി അടക്കമുള്ള ഫീസുകൾ പുനഃപരിശോധിക്കാൻ സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം നടത്തിവരികയാണെന്ന മന്ത്രി ഡോ. മാജിദ് അൽഖസബിയുടെ വാക്കുകൾ. വിദേശികൾക്ക് ബാധകമായ ഫീസുകൾ മുഴുവൻ നിക്ഷേപകരെയും ബാധിക്കുന്നുണ്ടെന്നും പരിഷ്‌കരണങ്ങളും മാറ്റങ്ങളും പ്രധാനമാണെന്നുമുള്ള മന്ത്രിയുടെ റിയാദ് മർച്ചന്റ് കൗൺസിൽ പ്രവർത്തന ഉദ്ഘാടന വേളയിലെ പ്രസ്താവന ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.


 രാജ്യത്ത് കുടുതൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിന് നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പരിഷ്‌കരണങ്ങളും പുനഃരിശോധനയും  സർക്കാർ തുടരുകയാണെന്ന മന്ത്രിയുടെ പ്രസ്താവന ലെവിയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. എന്തായാലും പുതു വർഷം അത്തരം മാറ്റങ്ങൾക്ക് കാതോർക്കുകയാണ്. അതോടൊപ്പം നമ്മുടെ രാജ്യത്ത് സമാധാനവും സന്തോഷവും സൗഹാർദവും വികസനവും പുലർന്നു കാണാനും സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം. 
 

Latest News